കൂട്ടാകാൻ ക്യൂട്ട്, ഇന്ത്യയിലെ ആദ്യ ക്വാഡ്രിസൈക്കിൾ

bajaj-qute
SHARE

ബജാജിന്റെ ക്യൂട്ട് രാജ്യത്തു ക്വാഡ്രിസൈക്കിൾ വിഭാഗത്തിലെ ആദ്യ വാഹനമാണ്. നാനോയെക്കാൾ ചെറിയ രൂപവുമായി എത്തിയ ക്യൂട്ട് എങ്ങനെയുണ്ടെന്ന് നോക്കാം

Bajaj Qute Test Drive

രൂപകൽപന

വാഹനത്തിന്റെ രൂപശൈലി കാണുമ്പോൾ ഏവരുടെയും ചോദ്യം ഒന്നുതന്നെ– ഇലക്ട്രിക് ആണോ? കാരണം ഇന്നുവരെ ഈ രൂപത്തിൽ ഒരു കുഞ്ഞുകാറിനെ കണ്ടിട്ടില്ല. സംശയം വേണ്ട, പെട്രോൾ വാഹനം തന്നെ. രണ്ട് ഹെഡ്‍‌ലാംപുള്ള ഒരു വാഹനം. ഹെഡ് ലാംപിൽത്തന്നെ ഇൻഡിക്കേറ്ററും ഉൾക്കൊള്ളിച്ചു. ഗ്രിൽ കാണാൻ സാധിക്കില്ല. കാരണം എൻജിൻ പിൻവശത്താണ്. ബോണറ്റിനുള്ളിൽ 20 മുതൽ 30 കിലോഗ്രാം ഭാരം വരയുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന സ്റ്റോറേജ് സംവിധാനം, കറുപ്പ് നിറമുള്ള ബംപർ. ഒരു ആം ഉള്ള വൈപ്പർ ആണ്. 

bajaj-qute-2
Bajaj Qute

12 ഇഞ്ചുള്ള അലോയ് പോലെ തോന്നിക്കും വിധമുള്ള ടയറുകൾ. 2752 മില്ലീമീറ്റർ നീളം, 1925 എംഎം വീൽ ബേസ്, ഒപ്പം ഉയർന്ന 185 mm ഗ്രൗണ്ട് ക്ലിയറൻസ്. വശങ്ങളിലെ വിൻഡോ ഗ്ലാസുകൾ സ്ലൈഡ് ചെയ്യുന്ന രീതിയിലാണ്. നാല് ഡോറുകൾ, കാഠിന്യമേറിയ സ്റ്റീലിൽ നിർമ്മാണം, കാറിനു സമാനമായി മോണോകോക് ബോഡി. പിൻവശം സാധാരണ ഗതിയിൽ,  മുന്നിൽ എൻജിൻ ഘടിപ്പിച്ച വാഹനങ്ങളുടെ ബോണറ്റിനുള്ളിൽ എന്തൊക്കെയോ അവയൊക്കെ ഇതിന്റെ പിന്നിൽ കാണാം.

bajaj-qute-1
Bajaj Qute

ഉൾഭാഗം

ഉൾഭാഗത്തെ പല ഘടകങ്ങളും ബജാജ് ഓട്ടോറിക്ഷയിൽനിന്ന് കടം കൊണ്ടതാണ്. പ്ലാസ്റ്റിക് ഘടകങ്ങൾ എല്ലാം അങ്ങനെ തന്നെ. കുഞ്ഞു സ്റ്റിയറിങ് വീൽ. ലോക്കബിൾ ഗ്ലൗ ബോക്സ് ഇരുവശങ്ങളിലുമായി ഒരുക്കിയിട്ടുണ്ട്. ഗിയർ ലീവർ സെന്റർ കൺസോളിൽ ഘടിപ്പിച്ചു. എഎം റ്റി പോലെ ഗിയർ ഷിഫ്റ്റിങ്. ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ. ഇന്ധനക്ഷമത, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ ഇവ ഇതിലൂടെ അറിയാം. സ്ഥലസൗകര്യം ക്രമീകരിക്കുന്നതിനായി സ്റ്റെപ്പിനി ഡാഷിനടിയിൽ ഘടിപ്പിച്ചു. ഒരുപാട് സ്റ്റോറേജ് സ്പേസുകൾ ഒരുക്കി. മുൻ സീറ്റിനടിയിൽ സാധനങ്ങൾ കൊണ്ടുപോകാൻ സംവിധാനമുണ്ട്. പിന്നിൽ സുഖകരമായി 2 പേർക്കിരിക്കാൻ സാധിക്കും. ലെഗ്സ്പേസ്, ഷോൾഡർ സ്പേസ് മികച്ചത്. A/C ഇല്ല. ഉള്ളിൽ കാറ്റ് ലഭിക്കും വിധമാണ് ബാക്കി എല്ലാം ഒരുക്കിയത്. ഇൻസുലേറ്റഡ് റൂഫാണ്, ഡോർ പാഡിലും സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കി പ്രായോഗികമായി രൂപകൽപന ചെയ്ത ഉൾഭാഗം.

bajaj-qute
Bajaj Qute

ഡ്രൈവ്

മികച്ചതും ഉയർന്ന രീതിയിലും ഉള്ള സീറ്റിങ്. സിറ്റി ഡ്രൈവിനു പറ്റിയ പൊസിഷൻ കൃത്യമായി റോഡിന്റെ അവസ്ഥ അറിഞ്ഞ് ഡ്രൈവ് ചെയ്യാം, 216 സിസി ഫോർ സ്ട്രോക് ട്വിൻ സ്പാർക്ക് സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ക്യൂട്ടിൽ, ചെറിയ എൻജിനാണങ്കിലും മികച്ച പവർ. 13 bhp കരുത്തും 18.9 ന്യൂട്ടൻ മീറ്റർ ടോർക്കും ഇത് നൽകുന്നു,അനായാസം എവിടെയും കൊണ്ടുപോകാം. നാലുപേരെ കയറ്റാം. ഇൻഡിപെഡൻറ് സസ്പൻഷനും ഗുണം ചെയ്യുന്നു.

bajaj-qute-3
Bajaj Qute

പവർ സ്റ്റിയറിങ്ങല്ല എങ്കിലും ആയാസ രഹിതമാണു പ്രവർത്തനം.  5 സ്പീഡ് ട്രാൻസ്മിഷൻ, ബജാജിന്റെ ഡിറ്റിഎസ്ഐ ടെക്നോളജി ആണിതിൽ. എമിഷൻ കുറഞ്ഞ എൻജിൻ സാധാരണ കാറുകളെക്കാൾ 40% കുറവാണ് കാർബൺ പുറന്തള്ളുന്നതെന്നു കമ്പനി പറയുന്നു ഇന്ധനക്ഷമത 35 കിലോ മീറ്റർ ആണ് വാഗ്ദാനം. പ്രൈവറ്റ്– ടാക്സി വേരിയൻറുകൾ ലഭ്യമാണ്, ചെറിയ വഴിയിലൂടെ കൊണ്ടുപോകാം, സിറ്റിയിൽ എവിടെയും പാർക് ചെയ്യാം എന്നിങ്ങനെ ഒരു പാട് പ്രത്യേകതകളുമായി എത്തുന്ന വാഹനമാണ് ബജാജ് ക്യൂട്ട്. ഷോറും വില 2.52 ലക്ഷം രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA