കറുപ്പ് നിറക്കൂട്ടിൽ കെ ടി എം ആർ സി 200

KTM RC 200

ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എമ്മിന്റെ ചെറിയ സൂപ്പർ സ്പോർട് ബൈക്കായ ‘ആർ സി 200’ കറുപ്പ് നിറത്തിൽ വിൽപ്പനയ്ക്കെത്തി. വെള്ള നിറത്തിലുള്ള ‘ആർ സി 200’ പോലെ കറുപ്പ് ബൈക്കിനും ഡൽഹി ഷോറൂമിൽ 1.77 ലക്ഷം രൂപയാണു വില. ഇതോടെ കെ ടി എം ശ്രേണിയിൽ രണ്ടാമതു നിറമില്ലാത്ത ഏക ബൈക്ക് ‘ആർ സി 390’ മാത്രമായി. ‘ആർ സി 390’ മോഡലിനോടാണു കറുപ്പ് നിറമുള്ള ‘ആർ സി 200’ ബൈക്കിനു സാമ്യം; 

ഗ്ലോസി കറുപ്പ് ബോഡി വർക്ക്, ഓറഞ്ച് വീൽ, ട്രെല്ലി ഫ്രെയിം, സമാന ഗ്രാഫിക്സ് തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്. ഫെയറിങ്ങിന്റെ ഉൾഭാഗത്തെയും ഗ്രാഫിക്സിലെയും നിറക്കൂട്ടിൽ മാത്രമാണ് ബൈക്കിൽ  മാറ്റമുള്ളത്. ‘ആർ സി 390’ ബൈക്കിൽ ഫെയറിങ്ങിന്റെ ഉൾഭാഗം ഓറഞ്ച് നിറത്തിലാണ്; ഈ ബൈക്കിലാവട്ടെ വെളുപ്പ് നിറത്തിലും. അതുപോലെ ഗ്രാഫിക്സിന് ‘ആർ സി 390’ ബൈക്കിൽ വെളുപ്പ് നിറമാണ്; ‘ആർ സി 200’ ഗ്രാഫിക്സ് ഓറഞ്ച് നിറത്തിലും. 

സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് കറുപ്പ് ‘ആർ സി 200’ എത്തുന്നത്. 199.5 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഡബ്ൾ ഓവർഹെഡ് കാം(ഡി ഒ എച്ച് സി) എൻജിനാണു ബൈക്കിനു കരുത്തേുന്നത്; 25.8 ബി എച്ച് പി വരെ കരുത്തും 19.2 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. തലകുത്തനെയുള്ള 43 എം എം ഫോർക്കും പ്രീ ലോഡഡ് അഡ്ജസ്റ്റബ്ൾ മോണോഷോക്കുമാണ് സസ്പെൻഷൻ. മുന്നിൽ 300 എം എം ഡിസ്കും പിന്നിൽ 230 എം എം ഡിസ്കുമാണു ബൈക്കിലെ ബ്രേക്ക്. എന്നാൽ ഓപ്ഷനൽ വ്യവസ്ഥയിൽ പോലും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) ലഭ്യമല്ല. 

കെ ടി എമ്മുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിലാണ് ബജാജ് ഓട്ടോ ‘ആർ സി 200’ പോലെ എൻജിൻ ശേഷി കുറഞ്ഞ ബൈക്കുകൾ നിർമിക്കുന്നത്. ഇന്ത്യയിൽ ബജാജിന്റെ പ്രോബൈക്കിങ് ഡീലർഷിപ് ശൃംഖല വഴിയാണ് ഇത്തരം ബൈക്കുകൾ വിൽപ്പനയ്ക്കെത്തുന്നത്.