വില കുറയ്ക്കാൻ 120 ബിഎച്ച്പി എൻജിനുമായി ഹോണ്ട സിആർ–വി

പ്രീമിയം എസ് യു വി വിഭാഗത്തിൽ മത്സരിക്കാൻ ഹോണ്ട സിആർ–വി ‍ഡീസൽ പതിപ്പ് ഉടൻ പുറത്തിറങ്ങും. കിടിലൻ ലുക്കിലെത്തുന്ന എസ്‌യുവി 120 ബിഎച്ച്പി എൻജിനാണ് ഉപയോഗിക്കുക. മുൻ സിആർവികളിൽ നിന്ന് വ്യത്യസ്തനായി ഏഴു സീറ്റ് ലേഔട്ടായിരിക്കും. രാജ്യാന്തര വിപണിയിലെ അഞ്ചാം തലമുറ സിആർ–വി ഇന്ത്യയിൽ ഇറങ്ങുമ്പോൾ 1.6 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. മറ്റുവിപണികളിൽ ഈ എൻജിന്റെ ട്വിൻ ടർബൊ പതിപ്പ് ഉപയോഗിക്കുമ്പോൾ ഇന്ത്യയിൽ സിംഗിൾ ടോർബോയാണ്. 

Honda CR-V

വില കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് 1.6 ലീറ്റർ 120 ബിഎച്ച്പി എൻജിൻ പുറത്തിറക്കുന്നത്. ഏകദേശം 28 ലക്ഷം മുതലായിരിക്കും പുതിയ സിആർവിയുടെ വില. പെട്രോൾ പതിപ്പിന് നിലവിലെ 2.4 ലീറ്റർ എൻജിൻ തന്നെയാണ്. 7000 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 226 എൻ‌എം ടോർക്കും ഉത്പാദിപിക്കും ഈ എൻജിന്‍. അമേരിക്കൻ വിപണിയിൽ അഞ്ചാം തലമുറ സിആർ-വി കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു.

എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പുകൾ, മസ്കുലറായ ഫെന്ററുകൾ എന്നിവ സിആർ-വിയിലുണ്ടാകും. ഈ വർഷം പകുതിയോടെ ഡീസൽ എൻജിനുമായി സിആർ–വി വിപണിയിലെത്തും. വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ സംയോജിപ്പിച്ചാവും പുതിയ സി ആർവിയും വിൽപ്പനയ്ക്കെത്തുക. ഫോഡ് എൻഡേവറിനോടും ടൊയോട്ട ഫോർച്യൂണറിനോടുമൊക്കെയാവും സി ആർ വിയുടെ പ്രധാന മത്സരം.