എതിരാളികളെ തറപറ്റിച്ച് ബ്രെസ

ഹിറ്റിൽ നിന്ന് സൂപ്പർഹിറ്റിലേക്ക് കുതിച്ച് പായുകയാണ് വിറ്റാര ബ്രെസ. കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലെ പകുതിയിൽ അധികം വിപണി വിഹിതവും ബ്രെസയ്ക്ക് സ്വന്തം. എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമായി വിപണിയിലെത്തിയ ബ്രെസയുടെ 10713 യൂണിറ്റാണ് കഴിഞ്ഞ മാസം മാത്രം റോഡിലെത്തിയത്. 

തൊട്ടടുത്ത എതിരാളിയെക്കാൾ ഇരട്ടിയിലധികം ബ്രെസകളാണ് കഴിഞ്ഞ മാസം വിപണിയിലെത്തിയത്. 4148 യൂണിറ്റുമായി ടാറ്റ നെക്സോണാണ് രണ്ടാം സ്ഥാനത്ത്. 4007 യൂണിറ്റുമായി ഇക്കോസ്പോർട് മൂന്നാം സ്ഥാനത്തും 2783 യൂണിറ്റുമായി ഡബ്ല്യുആർ–വി നാലാം സ്ഥാനത്തും 1811 യൂണിറ്റുമായി ടിയുവി 300 അഞ്ചാം സ്ഥാനത്തുമുണ്ട്.

കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ കോംപാക്റ്റ് എസ്‌ യു വി സെഗ്‌മെന്റിന്റെ 45 ശതമാനവും ബ്രെസ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 140,945 ബ്രെസകളാണ് മാരുതി നിരത്തിലെത്തിച്ചത്. രണ്ടാം സ്ഥാനത്ത് 45,146 യൂണിറ്റുമായി ഇക്കോസ്പോർട്ടും മൂന്നാം സ്ഥാനത്ത് ഹോണ്ടയുടെ ഡബ്ല്യു ആർ വിയും( 40,124 യൂണിറ്റ്) നാലാം സ്ഥാനത്ത് ടിയുവിയും ( 27,724 യൂണിറ്റ്) അഞ്ചാമനായി 26,604 യൂണിറ്റുകളുമായി മാരുതി എസ് ക്രോസും എത്തിയിരുന്നു.