Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ബ്രെസ സൂപ്പര്‍ ഹിറ്റായി ?

vitara-brezza-4

റെക്കോര്‍ഡ് തിളക്കത്തിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. രാജ്യാന്തര വിപണിയിലെ സുസുക്കിയുടെ സൂപ്പര്‍ഹിറ്റ് എസ് യു വിയുടെ പേരില്‍ പുറത്തിറങ്ങിയ  ബ്രെസ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുന്നു. പുറത്തിറങ്ങി 28 മാസം കൊണ്ട് 3 ലക്ഷം യൂണിറ്റ് വിൽപന നടത്തി ഫാസ്റ്റസ്റ്റ് സെല്ലിങ് എസ്‌യുവി എന്ന പേരും സ്വന്തമാക്കി കഴിഞ്ഞു. എസ് യു വി സെഗ്മെന്റില്‍ മാരുതിക്ക് ആദ്യം പിഴച്ചെങ്കിലും രണ്ടാം വരവ് ഗ്രാന്‍ഡ് തന്നെയാക്കി വിറ്റാര ബ്രെസ. കഴിഞ്ഞ മാസം പതിനായിരത്തില്‍ അധികം ബ്രെസയാണ് വിപണിയില്‍ എത്തിയത്. എന്തുകൊണ്ടാണ് വിറ്റാര ബ്രെസ സൂപ്പര്‍ ഹിറ്റായി മാറിയത് ?

വിശ്വാസം അതല്ലേ... എല്ലാം?

മാരുതിയുടെ വിശ്വാസ്യത, മുക്കിലും മൂലയിലുമുള്ള സര്‍വീസ് നെറ്റുവര്‍ക്കുകള്‍, മികച്ച സേവനങ്ങൾ എല്ലാം ബ്രെസയുടെ വിജയത്തിന് മുതല്‍ക്കൂട്ടായി. കുറഞ്ഞ പരിപാലന ചിലവും മികച്ച റീസെയിൽ വാല്യുവുമാണ് ബ്രെസയുടെ വിജയചേരുവകൾ.

കൊടുക്കുന്ന പണത്തിന് മുഴുവൻ മൂല്യം

കാറിന്റെ വിലയ്‌ക്കൊരു എസ് യു വി. സെഗ‍മെന്റിലെ മറ്റൊരു വാഹനത്തിനും ഓഫർ ചെയ്യാനില്ലാത്ത കംപ്ലീറ്റ് പാക്കേജാണ് ബ്രെസ നൽകുന്നത്. മികച്ച ഇന്ധനക്ഷമതയും എസ് യു വി ലുക്കും ബ്രെസയെ മുന്നിൽ എത്തിക്കുന്നു. എഎംടി ഗിയർബോക്സിന്റെ വരവോടു കൂടി ഈ ചെറു എസ് യു വി ഒരു പടികൂടി മുന്നിലെത്തി. പുതുമയുള്ള ധാരാളം ഫീച്ചറുകളുമായാണ് വാഹനം വിപണിയിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ എബിഎസും എയർ‌ബാഗും വരെയുണ്ട്. ഉയർന്ന വകഭേദത്തിൽ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും കീലെസ് എൻട്രിയും.

പ്രായോഗികം

അപ് മാർക്കറ്റ് കറുപ്പു ഫിനിഷാണ് ഉൾവശം. എസ് യു വി സ്റ്റൈലിങ്. വലിയ സെൻട്രൽ കൺസോൾ, എൽ ഇ ഡി സ്ക്രീൻ, നാവിഗേഷനും ക്രൂസ് കൺട്രോളുമടക്കം എല്ലാ അത്യാധുനിക സംവിധാനങ്ങളും. റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടൊ ഹെഡ് ലൈറ്റ്, എയർ കൂൾഡ് സ്റ്റോറേജ് തുടങ്ങിയവ പുറമെ. സ്പീഡോമീറ്ററിൽ അഞ്ചു പ്രീ സെറ്റ് നിറങ്ങൾ.

രൂപഭംഗി

രൂപഭംഗിയുടെ കാര്യത്തിൽ ബ്രെസയോട് പിടിച്ചു നിൽക്കാൻ എതിരാളികൾ കഷ്ടപ്പെടും. സ്റ്റൈലിങ്ങും ഗ്ലാമറും ഒരുമിച്ചു കൊണ്ടുവരുന്ന ഗ്രില്ലും എടുത്തറിയുന്ന സ്കഫ്പ്ലേറ്റുള്ള ബമ്പറും എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ് ലാംപുമെല്ലാം മനോഹരം. ഇരട്ട നിറമുള്ള മോഡലുകളാണ് എടുത്തു നിൽക്കുക. മഞ്ഞയും വെള്ളയും നീലയും വെള്ളയും കോംബിനേഷനുകൾ രാജ്യാന്തര എസ് യു വി മോഡലുകളോടും കിടപിടിക്കാനാവുന്ന രൂപം നൽകുന്നു. നല്ല ഉയരമുള്ള വാഹനമാണ് ബ്രെസ. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസേഷൻ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

എൻജിൻ

ഇന്ത്യൻ റോഡുകളിൽ പയറ്റിതെളിഞ്ഞ 1.3 ലീറ്റർ എൻജിൻ. ഫീയറ്റ് രൂപകൽപനയുള്ള ഡി ഡി ഐ എസ് ഡീസൽ എൻജിന്റെ പെർഫോമൻസ് പ്രത്യേകം പ്രതിപാദിക്കേണ്ട, മികവിന്റെ പര്യായം. പെട്ടെന്നുള്ള പിക്കപ്പും സ്റ്റെബിലിറ്റിയും ശ്രദ്ധേയം. ഉയരം കൂടുതലുണ്ടെങ്കിലും നിയന്ത്രണം കുറയില്ല. 24.3 കി മി യാണ് ഇന്ധനക്ഷമത. ഇന്ത്യയിൽ ഇന്നുള്ള എല്ലാ ഒാട്ടമാറ്റിക് ഗിയർ ഷിഫ്റ്റ് കാറുകളിൽ നിന്നും മാരുതിയെ വ്യത്യസ്തമാക്കുന്നത് മികച്ച ഒപ്റ്റിമൈസേഷനാണ്. യഥാർത്ഥ ഒാട്ടമാറ്റിക് കാറുകളെ വെല്ലുന്ന പ്രകടനം. ഒാവർ ടേക്കിങ്ങിൽ ശക്തി പോരെങ്കിൽ മാനുവൽ മോഡിലിട്ടു നിയന്ത്രിക്കാം. ലാഗ് തീരെക്കുറവ്.