ലാൻഡ് റോവറിനെ ആവാഹിച്ച ടാറ്റ ഹാരിയർ, കോംപസിന്റെ എതിരാളി

Tata Harrier

ലാൻഡ് റോവറിൽ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ച് ടാറ്റ നിർമിക്കുന്ന പ്രീമിയം എസ് യു വി ഹാരിയറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എച്ച്5എക്സ് എന്ന കോഡുനാമത്തിൽ അറിയപ്പെടിരുന്ന വാഹനത്തിന്റെ പേര് ഹാരിയർ എന്ന് പ്രഖ്യാപിച്ച ടാറ്റ ടീസർ ചിത്രവും വിഡിയോയും പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം ഓമേഗ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. പുതിയ ഡിസ്കവറിയിൽ ഉപയോഗിക്കുന്ന എൽഎസ്550 പ്ലാറ്റ്ഫോമിന്റെ പുതിയ രൂപമാണിത്. 

അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡലാണ് ആദ്യ പുറത്തിറങ്ങുക. ജീപ്പ് കോംപസ്, എക്സ്‌യുവി 500 എന്നിവരുമായി മത്സരിക്കുന്ന ഹാരിയർ അടുത്ത വർഷം മാർച്ചിൽ പുറത്തിറങ്ങും. 2020 ലാണ് 7 സീറ്റ് വകഭേദം പുറത്തിറങ്ങുക. അതിന് വേറെ പേരുമായിരിക്കും. ‌ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ 140 ബിഎച്ച്പി ഡിസൽ എൻജിൻ ഉപയോഗിക്കുന്ന ഹാരിയരിൽ 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ട്. മുൻ വീൽ ഡ്രൈവ്, നാല് വീൽ ഡ്രൈവ് മോഡുകളും ഹാരിയറിനുണ്ട്. കൂടാതെ ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. കൂടാതെ ഡിസ്കവറിയുടെ ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനും ഉപയോഗിക്കും.

ടാറ്റ പുതിയ പ്രീമിയം ഡീലർഷിപ്പ് നെറ്റ് വർക്ക് സ്ഥാപിച്ചാണ് ഹാരിയർ വിൽപ്പനയ്ക്കെത്തുക. മാരുതി നെക്സയ്ക്ക് സമാനമായി ടാറ്റയുടെ പ്രീമിയം വാഹനങ്ങൾ മാത്രം വിൽക്കുന്ന ഡീലർഷിപ്പിലെ ആദ്യ വാഹനമാണ് ഹെറിയർ. 4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം ഉയരവും 2740 എംഎം വീൽബേസുമുണ്ട് എച്ച്5എക്സിന്.