Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ സമ്മാനമോ ആകാശ് അംബാനിയുടെ 3.85 കോടിയുടെ എസ്‌യുവി?

ambani-car Image Source-Social Media

ജിയോയിലൂടെ ഇന്ത്യക്കാരെ മുഴുവൻ ഒരുമിപ്പിച്ചു നിർത്തിയപ്പോൾ മുകേഷ് അംബാനിയുടെ കീശയിലെത്തിയത് ഉണ്ടായിരുന്ന സമ്പാദ്യത്തിന്റെ ഇരട്ടിയാണ്.
അത്യാഡംബരപൂർണമായ ജീവിതം നയിക്കുന്ന മുകേഷ് അംബാനിയുടെ ഗാരിജിൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും. രാജ്യത്തെ ഏറ്റവും വിലയുള്ള എസ്‌യുവി ബെന്റ്ലി ബെന്റെയ്ഗയിലാണ് അംബാനിയുടെ പ്രിയപുത്രന്റെ യാത്ര. ആ യാത്രയുടെ പകിട്ടൊന്നു കൂടി വർധിപ്പിക്കാനിതാ മറ്റൊരു ബെന്റിലി എസ്‌യുവി കൂടി സ്വന്തമാക്കിയിരിക്കുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ.

ambani-bentayga

ആകാശിനു വിവാഹസമ്മാനമായി ലഭിച്ചതാണ് ഈ എസ്‌യുവി എന്ന ഗോസിപ് പല ഭാഗത്തുനിന്നും ഉയരുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 3.85 കോടി രൂപ വിലയുള്ളതാണ് പുതിയ ആഡംബര എസ്‌യുവി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയെയാണ് ആകാശ് വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നു. വലിയ ആഘോഷത്തോടെ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ചലച്ചിത്ര, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പല പ്രമുഖരും പങ്കെടുത്തിരുന്നു. ഡിസംബറിൽ വിവാഹം നടത്താനാണ് ഇരുകുടുംബങ്ങളും തീരുമാനമെടുത്തിരിക്കുന്നത്.

Bentley Bentayga V8

ആകാശ് ഉപയോഗിച്ചുകൊണ്ടിരുന്ന പച്ച ബെന്റെയ്ഗയ്ക്ക് വി12 എൻജിനായിരുന്നുവെങ്കിൽ പുതിയ വാഹനത്തിന് കരുത്തു കുറഞ്ഞ വി8 എൻജിനാണ്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിലാണ് ബെന്റ്ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. 4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജ്ഡ് എൻജിന് 542 ബിഎച്ച്പി 770 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.4 സെക്കൻഡ് മാത്രം മതി. എസ്‌‌യുവിയുടെ പരമാവധി വേഗം 290 കിലോമീറ്ററാണ്.