ആസ്റ്റൻ മാർട്ടിൻ പറക്കും സ്പോർട്സ് കാർ

Volante Vision Concept

ജയിംസ് ബോണ്ടിനു പുത്തൻ സഞ്ചാര സാധ്യതകൾ വാഗ്ദാനം ചെയ്തു വാനിലുയരുന്ന സ്പോർട്സ് കാർ യാഥാർഥ്യമാക്കാൻ ബ്രിട്ടീഷ്  നിർമാതാക്കളായ ആസ്റ്റൻ  മാർട്ടിനുമെത്തുന്നു. ഭാവിയുടെ ഗതാഗത ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന വ്യക്തിഗത ഉപയോഗത്തിനുള്ള വിമാനത്തെയാണു കമ്പനി  ‘പറക്കും സ്പോർട്സ് കാർ’ എന്നു വിശേഷിപ്പിക്കുന്നത്.

ഫാൻബറോ എയർഷോയിൽ മൂന്നു സീറ്റുള്ള സങ്കര ഇന്ധന — വൈദ്യുത വാഹനം ആസ്റ്റൻ മാർട്ടിൻ അനാവരണം ചെയ്തിരുന്നു. നിലവിൽ സയൻസ് ഫിക്ഷൻ പുസ്തകങ്ങളിൽ കണ്ടു പരിചയമുള്ള വാഹനങ്ങളോടാണ് ഈ ‘പറക്കും സ്പോർട്സ് കാറി’നു സാമ്യമെങ്കിലും കാലക്രമത്തിൽ യാത്രാസാധ്യതകളിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ഈ വാഹനത്തിനാവുമെന്നാണ് ആസ്റ്റൻ മാർട്ടിന്റെ പ്രതീക്ഷ.

കുത്തനെ പറന്നുയരുകയും വന്നിറങ്ങുകയും (വി ടി ഒ എൽ) ചെയ്യുന്ന ഈ വൊളന്റ് വിഷൻ കൺസപ്റ്റ് ഡിസൈനിന് മണിക്കൂറിൽ 322 കിലോമീറ്ററാണ് ആസ്റ്റൻ മാർട്ടിൻ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഇതോടെ ‘പറക്കും സ്പോർട്സ് കാറി’ൽ ബിർമിങ്ഹാമിൽ നിന്നു വെറും അര മണിക്കൂറിൽ ലണ്ടൻ നഗരകേന്ദ്രത്തിലെത്താനാവുമെന്ന് ആസ്റ്റൻ മാർട്ടിൻ ലഗോണ്ട ലിമിറ്റഡ് വൈസ് പ്രസിഡന്റും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ സൈമൻ സ്പ്രൂൾ അവകാശപ്പെടുന്നു.

ആഡംബര ‘പറക്കും കാറു’കൾക്ക് ഭാവിയിൽ വൻ വിപണനസാധ്യതയുണ്ടാവുമെന്നാണ് ആസ്റ്റൻ മാർട്ടിന്റെ കണക്കുകൂട്ടൽ. ക്രാൻഫീൽഡ് സർവകലാശാലയുടെയും ക്രാൻഫീൽഡ് എറോസ്പേസ് സൊല്യൂഷൻസിന്റെയും ബ്രിട്ടീഷ് ജെറ്റ് എൻജിൻ നിർമാതാക്കളായ റോൾസ് റോയ്സിന്റെയുമൊക്കെ സഹകരണത്തോടെയാണ് ആസ്റ്റൻ മാർട്ടിൻ ‘പറക്കും സ്പോർട്സ് കാർ’ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത്. 

വ്യോമഗതാഗത, സാങ്കേതികവിദ്യ മേഖലകളിലെ മുൻനിര കമ്പനികളെല്ലാം ‘പറക്കും കാർ’ യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്. വിമാന നിർമാതാക്കളായ എയർബസും റൈഡ് ഷെയറിങ് കമ്പനിയായ യൂബരും ഗൂഗ്ൾ സ്ഥാപകൻ ലാരി പേജിന്റെ പിന്തുണയുള്ള കിറ്റി ഹോക്ക് അടക്കമുള്ള സ്റ്റാർട് അപ് കമ്പനികളുമൊക്കെ ഈ രംഗത്തെ ഗവേഷണത്തിൽ സജീവമാണ്. 

ആസ്റ്റൻ മാർട്ടിനുമായി സഹകരിക്കുമ്പോഴും സ്വന്തം നിലയ്ക്ക് ‘പറക്കും ടാക്സി’ യാഥാർഥ്യമാക്കാൻ റോൾസ് റോയ്സിനു പദ്ധതിയുണ്ട്. നാലോ അഞ്ചോ പേർക്കു യാത്രാസൗകര്യമുള്ള, കുത്തനെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന, വൈദ്യുത വാഹന(ഇ വി ടി ഒ എൽ) ആണ് കമ്പനിയുടെ സ്വപ്നങ്ങളിലുള്ളത്. മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗമുള്ള ‘പറക്കും ടാക്സി’ക്ക് ഒറ്റയടിക്ക് 800 കിലോമീറ്റർ പിന്നിടാനുമാവുമെന്നാണു റോൾസ് റോയ്സിന്റെ വാഗ്ദാനം.