പഴയത് പിൻവലിക്കില്ല, പുതിയത് പ്രീമിയം എർ‌ട്ടിഗ

Ertiga

ഇന്തോനേഷ്യന്‍ വിപണിയിൽ പുറത്തിറങ്ങിയ എർട്ടിഗ ഉടൻ ഇന്ത്യയിലെത്തും. നിലവിലെ എർട്ടിഗയെ പിൻവലിക്കാതെയാണ് പുതിയ എംയുവിയെ മാരുതി പുറത്തിറക്കുന്നത്. മാരുതി, ഡിസയറിൽ പരീക്ഷിച്ച തന്ത്രം പോലെ പുതിയ മോ‍ഡൽ പുറത്തിറങ്ങുമ്പോൾ ആദ്യ തലമുറയെ ടൂറർ എന്ന പേരിൽ ടാക്സി സെഗ്മെന്റിൽ നിലനിർത്തും. എതിരാളികളില്ലാതെ മുന്നേറുന്ന എർട്ടിഗയിലൂടെ യുവി സെഗ്‌മെന്റിലെ ഒന്നാം സ്ഥാനം നിലനിർത്താനാണ് മാരുതി ശ്രമിക്കുന്നത്.

കൂടുതല്‍ സ്റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക്. ആദ്യ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയതിന് വലുപ്പം കൂടുതലുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും പുതിയ എർട്ടിഗയിലുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകൾ, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ. ഹെർട്ട്ടെക് പ്ലാറ്റ്ഫോം തന്നെയാണ് പുതിയ എർട്ടിഗയിലും.

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട്. എന്നാല്‍ വീല്‍ബെയ്‌സ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്‌പെയ്‌സ് ഉണ്ടെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. 1.4 ലീറ്റർ എൻജിനു പകരമായി പുതിയ കെ15ബി എൻജിൻ. 1.5 ലീറ്റർ എൻജിന് 104 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും. മൈലേജ് 18.06 കി.മീ. തുടക്കത്തില്‍ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് എത്തുന്നതെങ്കിലും പിന്നീട് മാരുതി പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും എര്‍ട്ടിഗയില്‍ വന്നേക്കാം.