മൈക്ക് മാൻലി വരുന്നു, എഫ് സി എയെ നയിക്കാൻ

FCA

ഇറ്റാലിയൻ യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലി(എഫ് സി എ)നെ നയിക്കാൻ ജീപ് മേധാവിയായി മൈക്ക് മാൻലി എത്തുന്നു. നിലവിൽ എഫ് സി എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സെർജിയൊ മാർക്കിയോണിയുടെ പിൻഗാമിയായിട്ടാണു മാൻലി എത്തുന്നത്.  കഴിഞ്ഞ ഒൻപതു വർഷമായി ജീപ്പിന്റെ മേധാവിയാണു ബ്രിട്ടീഷുകാരനായ മാൻലി(54). 2015 മുതൽ പിക് അപ്, വാൻ നിർമാതാക്കളായ റാമിന്റെയും നേതൃപദവിയിൽ മാൻലിയാണ്.

അതേസമയം മാൻലിയുടെ നിയമനത്തെപ്പറ്റി എഫ് സി എ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത വർഷത്തോടെ സ്ഥാനമൊഴിയുമെന്നാണ് ഇറ്റാലിയനായ സെർജിയൊ മാർക്കിയോണി(66) പ്രഖ്യാപിച്ചിരിക്കുന്നത്. 2004ലാണ് ദേദഹം ഫിയറ്റിന്റെ നേതൃപദം ഏറ്റെടുത്തത്. കഴിഞ്ഞ മാസം തോൾ ശസ്ത്രക്രിയയ്ക്കു വിധേയനായതിനെ തുടർന്നു നേരിട്ട ഗൗരവപൂർണമായ പ്രശ്നങ്ങളാണ് മാർക്കിയോണിയെ പ്രതിസന്ധിയിലാക്കിയത്. 

കഴിഞ്ഞ 14 വർഷത്തിനിടെ എഫ് സി എ ഗ്രൂപ്പിനെ പുനഃസംഘടിപ്പിക്കുന്നതിലും ശരിയായ ദിശ വീണ്ടടുക്കുന്നതിലും ഗണ്യമായ സംഭാവനയാണ് അദ്ദേഹം നൽകിയത്. 2014ൽ ഫിയറ്റിനെ യു എസ് നിർമാതാക്കളായ ക്രൈസ്ലറുമായി ലയിപ്പിച്ച മാർക്കിയോണി 2016 ഫെബ്രുവരിയിൽ ഫെറാരിയെ പ്രത്യേക ആഡംബര ബ്രാൻഡാക്കി മാറ്റുകയും ചെയ്തു. എഫ് സി എ ഓട്ടമൊബീൽ ഗ്രൂപ്പിനൊപ്പം കാർഷികോപകരണ നിർമാതാക്കളായ സി എൻ എച്ചിന്റെ മേധാവി സ്ഥാനവും മാർക്കിയണി വഹിച്ചിരുന്നു. അതേസമയം ‘ജീപ്പി’നെ മുന്നേറ്റത്തിന്റെ പാതയിലെത്തിച്ചതാണു മാൻലിയുടെ മികവ്. 2008ൽ 3.37 ലക്ഷം യൂണിറ്റായിരുന്ന ‘ജീപ്’ വിൽപ്പന കഴിഞ്ഞ വർഷം 14 ലക്ഷത്തിനു മുകളിലെത്തി. എഫ് സി എ ഗ്രൂപ്പിന്റെ മൊത്തം അറ്റാദായത്തിൽ 70% ആണു ‘ജീപ്പി’ന്റെ സംഭാവന.