ജിംപ്സിയാവാൻ ശ്രമിച്ച മാരുതി 800–വിഡിയോ

Screengrab

ഐതിഹാസിക വാഹനങ്ങളാണ് ജിപ്സിയും മാരുതി 800ഉം. ഒരാൾ നമ്മുടെ ഇഷ്ട കാറാണെങ്കിൽ മറ്റേയാൾ നാം ബഹുമാനപൂർവ്വം നോക്കുന്ന എസ്‌യുവി. രണ്ടുപേരും സമകാലികരും. മാരുതി 800 ന്റെ ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ്. മാരുതി 800 ജിപ്സിയാക്കി മാറ്റിയാലോ? സംഗതി കൊള്ളാം പക്ഷേ നടക്കുമോ എന്നായിരിക്കും ആദ്യത്തെ ചോദ്യം.

മാരുതി 800 നെ ജിപ്സിയാക്കിയൊരു മോഡിഫിക്കേഷനാണ് സമൂഹമാധ്യമങ്ങളിലെ താരം. പഞ്ചാബിൽ നിന്നാണ് വിചിത്രമായ ഈ മോ‍ഡിഫിക്കേഷൻ എത്തിയത്. ജിപ്‌സിയിലേക്കുള്ള പരകായപ്രവേശത്തിൽ മേല്‍ക്കൂരയും എ,ബി,സി പില്ലറുകളും ഡോറുകളും നഷ്ടമായി. പകരം കരുത്തേകാൻ റോൾ കേജുണ്ട്. ഹെഡ്‌ലാംപും ടെയിൽ‌ലാംപും ബോണറ്റുമെല്ലാം മാരുതി 800 ന്റേത് തന്നെ. മുന്നിൽ ബുൾബാറുമുണ്ട്. ഇന്റീരിയറിൽ ഡാഷ്ബോർഡിനും സ്റ്റിയറിങ്ങിനും മാറ്റമില്ല.

പിന്നിലെ സീറ്റ് വശങ്ങളിലേക്കുള്ളതാണ്. മാരുതി 800 ന്റെ ഡോറുകള്‍ക്ക് പകരം പൈപ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ഡോറുകൾ. നാല് ഡോർ ഫോർമാറ്റിൽ നിന്ന് മൂന്നു ഡോർ ഫോർമറ്റിലേക്ക് മാറ്റിയിരിക്കുന്നു. എൻജിന് മാറ്റങ്ങളൊന്നുമില്ല. ആകര്‍ഷണീയത കൂട്ടാന്‍ വേണ്ടി കാറില്‍ സുസുക്കിയുടെ മുതൽ ഔഡിയുടെ വരെ ലോഗോകളുണ്ട്.