ഓട്ടോയുടെ എതിരാളിയുയമായി ബജാജ് കേരളത്തിൽ

ക്വാഡ്രിസൈക്കിളായ ‘ക്യൂട്ട്’ കേരളത്തിൽ വിൽപ്പനയ്ക്കെത്തിക്കാൻ നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ഒരുങ്ങുന്നു. കേരളത്തിനൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വൈകാതെ ബജാജിന്റെ ‘ക്യൂട്ട്’ വിൽപ്പനയ്ക്കെത്തുന്നുണ്ട്.  വാണിജ്യ വാഹനങ്ങൾക്കിടയിൽ പുതിയ വിഭാഗം സൃഷ്ടിച്ചാണു ‘ക്യൂട്ട്’ വിൽക്കാൻ കേരളവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും അനുമതി നൽകിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകൾ മാത്രമാണ് നിലവിൽ ഇന്ത്യയിൽ ‘ക്യൂട്ട്’ വിൽപ്പനയ്ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലേക്ക് ബജാജ് ‘ക്യൂട്ട്’ അയച്ചു തുടങ്ങി. 

ആറു വർഷം നീണ്ട നിയമുയുദ്ധത്തിനൊടുവിലാണു ബജാജ് ഓട്ടോ ‘ക്യൂട്ട്’ വിൽപ്പനയ്ക്കുള്ള അനുമതി നേടിയെടുത്തത്. ക്വാഡ്രിസൈക്കിളിനെ പുതിയ വാഹന വിഭാഗമായി സുപ്രീം കോടതി അംഗീകരിച്ചതോടെയായിരുന്നു ‘ക്യൂട്ടി’ന്റെ ഇന്ത്യയിലെ വിൽപ്പനയ്ക്കുള്ള പ്രധാന തടസ്സം നീങ്ങിയത്. ക്വാഡ്രിസൈക്കിളിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പരന്നതോടെ ‘ക്യൂട്ടി’ന്റെ വരവിനെതിരെ ഒട്ടേറെ പൊതുതാൽപര്യ ഹർജികൾ കോടതികളിലെത്തിയിരുന്നു. വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയും ടാറ്റ മോട്ടോഴ്സുമൊക്കെ ബജാജിന്റെ ‘ക്യൂട്ടി’നെ കൂട്ടിൽ കയറ്റാൻ രംഗത്തെത്തി. 

എന്നാൽ പ്രതിസന്ധികളും വെല്ലുവിളികളും അകന്നെന്നും ഇന്ത്യയിലെ ‘ക്യൂട്ട്’ വിൽപ്പനയ്ക്കു വരും ദിവസങ്ങളിൽ തുടക്കമാവുമെന്നും ബജാജ് ഓട്ടോ പ്രസിഡന്റ്(ഫിനാൻസ്) കെവിൻ ഡിസൂസ അറിയിച്ചു. സാങ്കേതികമായി കേരളം ‘ക്യൂട്ടി’ന്റെ വിൽപ്പനയ്ക്ക് അംഗീകാരം നൽകി കഴിഞ്ഞ സാഹചര്യത്തിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനായി 35 — 40 വാഹനങ്ങൾ ആ സംസ്ഥാനത്തെ ഡീലർഷിപ്പുകളിലേക്ക് അയയ്ക്കും. അടുത്ത മാസത്തോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ‘ക്യൂട്ട്’ വിൽപ്പനയ്ക്കെത്തിയേക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

പ്രതിവർഷം 60,000 ‘ക്യൂട്ട്’ നിർമിക്കാനാണു ബജാജ് ഓട്ടോയ്ക്കു ശേഷിയുള്ളത്; ത്രിചക്രവാഹന ഉൽപ്പാദന ശേഷി വിനിയോഗിച്ച് കൂടുതൽ ‘ക്യൂട്ട്’ നിർമിക്കാനുമാവും. 2015 മുതൽ ലാറ്റിൻ അമേരിക്കൻ, യൂറോപ്യൻ, ആഫ്രിക്കൻ വിപണികളിൽ ബജാജ് ‘ക്യൂട്ട്’ വിൽക്കുന്നുണ്ട്. 216 സി സി പെട്രോൾ എൻജിനാണു ‘ക്യൂട്ടി’നു കരുത്തേകുന്നത് ; 13.2 പി എസ് കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക.