Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ ഇന്നോവ എതിരാളി, പേര് പ്രഖ്യാപനം ഉടൻ

Ssangyong Turismo Ssangyong Turismo, Representative Image

ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ മഹീന്ദ്ര പുറത്തിറക്കുന്ന എംയുവിയുടെ പേര് പ്രഖ്യാനം ഉടൻ. അടുത്ത ചൊവ്വാഴ്ച്ച നടക്കുന്ന ചടങ്ങിൽ മഹീന്ദ്ര എംഡി പവൻ ഗോയങ്കെ പുതിയ എംയുവിയുടെ പേര് പുറത്തുവിടും. ഉടൻ വിപണിയിലെത്തുന്ന വാഹനത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും അന്ന് പുറത്തുവിടും.

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. യു 321 എന്ന കോഡു നാമത്തിലാണ് മഹീന്ദ്ര പുതിയ എംയുവി നിർമിക്കുന്നത്. പുതിയ വാഹനങ്ങളുടെ അഭാവം മഹീന്ദ്രയെ പിന്നോട്ട് വലിക്കുമ്പോൾ സെഗ്മെന്റിലേക്ക് പുതിയ നിരവധി വാഹനങ്ങളാണ് മഹീന്ദ്ര പുറത്തിറക്കാൻ ഒരുങ്ങുന്നത്. അവയ്ക്ക് തുടക്കം കുറിക്കുന്ന വാഹനമായിരിക്കും എംപിവി.

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് രൂപകല്‍പന. രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് എംയുവി എത്തുക. അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്.

സെഗ്മെന്റിലെ താരമായ ഇന്നോവയോട് മത്സരിക്കാനെത്തുന്ന വാഹനത്തെ മഹീന്ദ്ര അടുത്ത വർഷം വിപണിയിലെത്തിക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാങ് യോങും സംയുക്തമായി വികസിപ്പിച്ച എന്‍ജിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മഹീന്ദ്രയുടെ 2.2 എംഹോക്ക് എൻജിനും വാഹനത്തിൽ ഇടം പിടിച്ചേക്കും.