പുതിയ സിയാസ് എത്തും ഈമാസം 20ന്

Ciaz

മാരുതി സുസുക്കി ‘സിയാസി’ന്റെ പരിഷ്കരിച്ച പതിപ്പ് അടുത്ത 20നു പ്രീമിയം ഡീലർഷിപ് ശൃംഖലയായ ‘നെക്സ’വഴി വിൽപ്പനയ്ക്കെത്തും. നേരത്തെ ഓഗസ്റ്റ് ആറിനായിരുന്നു മാരുതി സുസുക്കി ‘2018 സിയാസി’ന്റെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്. എന്നാൽ മറ്റൊരു പരിപാടി അതേ ദിവസമുള്ള സാഹചര്യത്തിൽ ‘2018 സിയാസ്’ അവതരണം നീട്ടിവയ്ക്കുകയായിരുന്നു.

അരങ്ങേറ്റത്തിനു മുന്നോടിയായി പരിഷ്കരിച്ച ‘സിയാസി’നുള്ള ബുക്കിങ്ങുകൾ പ്രീമിയം ഡീലർഷിപ് ശൃംഖലയായി ‘നെക്സ’ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിരുന്നു. 11,000 മുതൽ 25,000 രൂപ വരെ മുൻകൂർ  ഈടാക്കിയാണു നവീകരിച്ച ‘സിയാസ്’ ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരുന്നത്.  കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറം സാങ്കേതിക വിഭാഗത്തിലും കാര്യമായ പുതുമകളോടെയാവും പുത്തൻ ‘സിയാസി’ന്റെ വരവ്. പുത്തൻ ഹെഡ്ലാംപ്, മുൻ ബംപർ എന്നിവയ്ക്കൊപ്പം വേറിട്ട മുൻ ഗ്രില്ലും  ‘2018 സിയാസി’ലുണ്ടാവും. 

പുത്തൻ പെട്രോൾ എൻജിനോടെ മാത്രം വിൽപ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്കരിച്ച പതിപ്പിൽ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ൾ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഇതോടെ സി വിഭാഗത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലുമാവും ‘2018 സിയാസ്’. കാറിലെ പുതിയ 1.5 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിന് പരമാവധി 106 പി എസ് വരെ കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും പുതിയ ‘സിയാസി’ൽ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.

ഈ ‘സിയാസി’ന്റെ ഡീസൽ പതിപ്പുകൾ ഒക്ടോബറോടെ എത്തുമെന്നാണു പ്രതീക്ഷ. ഫിയറ്റിൽ നിന്നുള്ള ലൈസൻസ് ഉപയോഗിച്ചു നിർമിക്കുന്ന 1.3 ലീറ്റർ, മൾട്ടിജെറ്റ് ടർബോചാർജ്ഡ് എൻജിനാവും ഡീസൽ ‘സിയാസി’നു കരുത്തേകുകയെന്നാണു സൂചന; പെട്രോൾ എൻജിനിലെ പോലെ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഈ എൻജിനിലുമുണ്ടാവും. 89 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ.