5 ലക്ഷത്തിന് ആഡംബര സ്കോഡ

Skoda Citigo

ഇന്ത്യൻ വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി പുതിയ ഹാച്ച്ബാക്കുമായി സ്കോഡ എത്തുന്നു. രാജ്യാന്തര വിപണിയിൽ സ്കോഡയുടെ ചെറുഹാച്ചായ സിറ്റിഗോയെയാണ് ഇന്ത്യയിൽ പുറത്തിറക്കുക. വിപണിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ രണ്ടാം വരവിന്റെ ഭാഗമായിട്ടാണ് സിറ്റിഗോ ഇന്ത്യയിലെത്തുക.

Skoda Citigo

ഹാച്ച്ബാക്കിന്റെ പുറത്തിറക്കലിനെപ്പറ്റി സ്കോഡ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും 2020ൽ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ഫോക്സ്‍വാഗൻ അപ്പ്, സിയറ്റ് മീ തുടങ്ങിയ വാഹനങ്ങളുമായി ഏറെ സാമ്യമുള്ള കാറാണ് സിറ്റിഗോ. രാജ്യാന്തര വിപണിയിൽ ഏറെ ജനപ്രിയ മോഡലാണ് സിറ്റിഗോ. 2011ല്‍ പുറത്തിറങ്ങിയ സിറ്റിഗോയുടെ 1.2 ദശലക്ഷം യൂണിറ്റുകൾ പുറത്തിറങ്ങിയിട്ടുണ്ട്.

Skoda Citigo

രാജ്യാന്തര വിപണിയിൽ 1 ലീറ്റർ എൻജിനാണ് സിറ്റിഗോയ്ക്കുള്ളത്. ഫീച്ചർ റിച്ചായി എത്തുന്ന സിറ്റിഗോയുടെ യൂറോപ്യൻ പതിപ്പിലെ ഡാഷ്ബോർഡിൽ സ്ക്രീൻ ഓപ്ഷൻ വരെയുണ്ട്. യുകെ വിപണിയിൽ മൂന്ന്, അഞ്ച് ഡോർ വകഭേദങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ അഞ്ച് ‍ഡോർ കാർ മാത്രമേ എത്താൻ സാധ്യതയുള്ളൂ. ഇന്ത്യയിലെ പ്രവർത്തനം ശക്തമാക്കാൻ ലക്ഷ്യമിട്ട് 8,000 കോടി രൂപയുടെ നിക്ഷേപത്തിനാണു ഫോക്സ്‍വാഗൻ ഗ്രൂപ്പ് തയാറെടുക്കുന്നത്. ഇന്ത്യയിലെ വിപണി വിഹിതം 2025 ആകുമ്പോൾ അഞ്ചു ശതമാനമാക്കി ഉയർത്തുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.