പുത്തൻ ‘അമെയ്സി’നു വിലയേറി

പുത്തൻ ‘അമെയ്സി’ന്റെ വില ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) വർധിപ്പിച്ചു. കഴിഞ്ഞ മേയിൽ വിൽപ്പനയ്ക്കെത്തിയ പരിഷ്കരിച്ച ‘അമെയ്സ്’ കോംപാക്ട് സെഡാന്റെ വിലയിൽ 11,000 രൂപ മുതൽ 31,000 രൂപയുടെ വരെ വർധനയാണു ഹോണ്ട പ്രഖ്യാപിച്ചത്. അവതരണ വേളയിൽ പ്രാരംഭ ആനുകൂല്യമെന്നന്ന നിലയിൽ 5.60 ലക്ഷം രൂപയായിരുന്നു ‘അമെയ്സി’ന്റെ പെട്രോൾ പതിപ്പിന്റെ അടിസ്ഥാന മോഡലിനു വില; മുന്തിയ വകഭേദമായ ഡീസൽ ഓട്ടമാറ്റിക്കിന് ഒൻപതു ലക്ഷം രൂപയുമായിരുന്നു വില. 

Amaze

ഇപ്പോഴാവട്ടെ അടിസ്ഥാന പെട്രോൾ വകഭേദമായ ‘അമെയ്സ് ഇ എം ടി’യുടെ വില 5.81 ലക്ഷം രൂപയായാണു ഹോണ്ട വർധിപ്പിച്ചത്. ഡീസൽ എൻജിനുള്ള അടിസ്ഥാന മോഡലിനാവട്ടെ 31,000 രൂപയാണു വില വർധന. ‘ഇ’ ഒഴികെയുള്ള വകഭേദങ്ങളുടെ വിലയിലാവട്ടെ 11,000 രൂപയുടെ വർധനയും പ്രാബല്യത്തിലെത്തി. 

ഈ പരിഷ്കരണത്തോടെ പ്രധാന എതിരാളിയായ മാരുതി സുസുക്കി ‘ഡിസയറി’നെ അപേക്ഷിച്ച് ‘അമെയ്സി’ന്റെ അടിസ്ഥാന പതിപ്പുകൾക്ക് വില അധികമായിട്ടുണ്ട്; 5.56 ലക്ഷം മുതൽ 9.43 ലക്ഷം വരെയാണു ‘ഡിസയറി’ന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. അതുകൊണ്ടുതന്നെ, ‘അമെയ്സി’ന്റെ മുന്തിയ വകഭേദങ്ങൾക്ക് ‘ഡിസയറി’നെ അപേക്ഷിച്ചു വില കുറവാണ്. ഹ്യുണ്ടേയ് ‘എക്സന്റ്’(വില: 5.61 — 8.61 ലക്ഷം), ഫോക്സ്വാഗൻ ‘അമിയൊ’(വില: 5.62 ലക്ഷം — 9.99 ലക്ഷം) എന്നിവയ്ക്കൊപ്പം അടുത്തുതന്നെ വിപണിയിലെത്തുന്ന ഫോഡ് ‘ഫിഗൊ ആസ്പയറും’ ഹോണ്ട ‘അമെയ്സി’ന്റെ എതിരാളികളാണ്. 5.82 ലക്ഷം മുതൽ 8.79 ലക്ഷം രൂപ വരെയാവും ‘ആസ്പയറി’നു വിലയെന്നാണു പ്രതീക്ഷ.

Amaze

പുത്തൻ ‘അമെയ്സി’നു ലഭിച്ച മികച്ച വരവേൽപ് ജൂലൈയിലെ വിൽപ്പന കണക്കെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ഹോണ്ടയെ സഹായിച്ചിരുന്നു. കഴിഞ്ഞ മാസം കമ്പനി നേടിയ മൊത്തം വിൽപ്പനയിൽ പകുതിയിലേറെ ‘അമെയ്സി’ന്റെ സംഭാവനയുമായിരുന്നു. മാനുവൽ ട്രാൻസ്മിഷനുള്ള ‘അമെയ്സ്’ വകഭേദങ്ങളെ അപേക്ഷിച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ പതിപ്പുകളോടാണു വിപണിക്കു താൽപര്യമേറെ. 

Amaze

പുതിയ ‘അമെയ്സി’ന്റെ പരിഷ്കരിച്ച ഡൽഹി ഷോറൂമിലെ വില(ലക്ഷം രൂപയിൽ). പഴയ വില ബ്രാക്കറ്റിൽ:

അമെയ്സ് ഇ എം ടി: 5.81 — 6.91 (5.60 — 6.60)

അമെയ്സ് എസ് എം ടി: 6.61 — 7.71 (6.50 — 7.60)

അമെയ്സ് എസ് സി വി ടി: 7.51 — 8.51 (7.40 — 8.40)

അമെയ്സ് വി എം ടി: 7.21 — 8.31 (7.10 — 8.20)

അമെയ്സ് വി സി വി ടി: 8.11 — 9.11 (8.00 — 9.00)

അമെയ്സ് വി എക്സ് എം ടി: 7.69 — 8.79 (7.58 — 8.68)