മഹീന്ദ്രയെ പിന്തള്ളി ഹോണ്ട വീണ്ടും 3-ാമത്

2018 Honda Jazz

ജൂലൈയിലെ വാഹന വിൽപ്പന കണക്കെടുപ്പിൽ രാജ്യത്തെ കാർ നിർമാതാക്കളിൽ ജപ്പാനിൽ നിന്നുള്ള ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) മൂന്നാം സ്ഥാനത്ത്. യൂട്ടിലിറ്റി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെ പിന്തള്ളിയാണു ജൂലൈയിലെ വിൽപ്പനയിൽ ഹോണ്ട കാഴ്സ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 17% വർധനയോടെ 19,970 യൂണിറ്റാണു ഹോണ്ട വിറ്റത്. മഹീന്ദ്രയുടെ വിൽപ്പനയാവട്ടെ 19,781 യൂണിറ്റായിരുന്നു; 2017 ജൂലൈയെ അപേക്ഷിച്ച് ആറു ശതമാനം കുറവ്.

 ഇതിനു മുമ്പ് 2015 മാർച്ചിലും ഹോണ്ട കാഴ്സ്, മഹീന്ദ്രയെ പിന്തള്ളി മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഹോണ്ട 22,696 യൂണിറ്റും മഹീന്ദ്ര 21,030 യൂണിറ്റുമായിരുന്നു ആ മാസം വിറ്റത്. കോംപാക്ട് സൊഡനായ ‘അമെയ്സി’ന്റെ പുതിയ പതിപ്പിനു ലഭിച്ച മികച്ച വരവേൽപ്പാണു മഹീന്ദ്രയെ മറികടക്കാൻ ഹോണ്ടയെ സഹായിച്ചത്. കഴിഞ്ഞ മാസം പതിനായിരത്തിലേറെ ‘അമെയ്സ്’ ആണു ഹോണ്ട വിറ്റത്; കമ്പനിയുടെ ജൂലൈയിലെ മൊത്തം വിൽപ്പനയിൽ പകുതിയിലേറെയും ‘2018 അമെയ്സ്’ ആയിരുന്നു. 

പുത്തൻ ‘അമെയ്സി’നു ലഭിച്ച സ്വീകാര്യതയോടെ കമ്പനിയുടെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയതെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ വിപണന, വിൽപ്പന വിഭാഗം സീനിയർ വൈസ് പ്രസിഡന്റും ഡയറക്റുമായ രാജേഷ് ഗോയൽ അറിയിച്ചു. ഇടത്തരം സെഡാനായ ‘സിറ്റി’യും കോംപാക്ട് എസ് യു വിയായ ‘ഡബ്ല്യു ആർ — വി’യും മുന്നേറ്റം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പുത്തൻ ‘അമെയ്സി’നുള്ള കാത്തിരിപ്പ് കുറയ്ക്കാൻ കാറിന്റെ ലഭ്യത മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ മാസം രാജ്യത്തെ വിവിധ മേഖലകളിൽ ഉത്സവകാലത്തിനു തുടക്കമാവുന്നതും മികച്ച വിൽപ്പന നിലനിർത്താൻ കമ്പനിയെ സഹായിക്കുമെന്നും ഗോയൽ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, ഡീലർഷിപ്പുകൾ നവീകരിക്കാനും പുതിയ മോഡലുകൾ അവതരിപ്പിച്ചും നഷ്ട പ്രതാപം വീണ്ടെടുക്കാനാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ശ്രമം.  ട്രക്കുകൾ സമരത്തിലായതും ചില്ലറ വില്പനയിൽ നേരിട്ട മാന്ദ്യവുമൊക്കെ യാത്രാവാഹന വിഭാഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും മഹീന്ദ്ര പ്രസിഡന്റ്(ഓട്ടമോട്ടീവ് സെക്ടർ) രാജൻ വധേര കരുതുന്നു.  എന്നാൽ ഉത്സവകാലം ആരംഭിക്കുന്നതോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്നാണ് അദ്ദേഹത്തിന്റെയും പ്രതീക്ഷ. അടുത്ത മാസം പുതിയ എം പി വിയായ ‘മരാസൊ’ വിൽപ്പനയ്ക്കെത്തുന്നതും നേട്ടം സമ്മാനിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.