Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനയ്ക്ക് കൂട്ടായി 1500 ടാറ്റ സഫാരി

tata-safari Safari Storme GS800

കരസേനയ്ക്കായി ടാറ്റ മോട്ടോഴ്സ് നിർമിച്ചു നൽകുന്ന ‘സഫാരി സ്റ്റോം ഫോർ ബൈ ഫോർ’ എസ് യു വികളുടെ എണ്ണം 1,500 പിന്നിട്ടു. പുണെയിലെ നിർമാണശാലയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ സുഭാഷ് ഭംരെയും ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെർനൻ നൊറോണയും ചേർന്നാണ് 1,500 — ാമത് ജി എസ് 800(ജനറൽ സർവീസ് 800) ‘സഫാരി സ്റ്റോമി’ന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചത്.

സേനയുടെ ആവശ്യം മുൻനിർത്തി പരിഷ്കരിച്ച ‘സഫാരി സ്റ്റോമാ’ണ് ‘ജി എസ് 800’ എന്ന പേരിൽ ടാറ്റ മോട്ടോഴ്സ് കരസേനയ്ക്കായി നിർമിച്ചു നൽകുന്നത്. സാധാരണ ‘സഫാരി സ്റ്റോമി’നെ അപേക്ഷിച്ച് 60% അധിക പേ ലോഡ്, 70 ശതമാനത്തിലേറെ അധിക കരുത്ത്, 200 ശതമാനത്തിലേറെ ടോർക് തുടങ്ങിയവയൊക്കെ ‘ജി എസ് 800’ മോഡലിന്റെ സവിശേഷതയാണ്. ഓഫ് റോഡ്, ഓൺ റോഡ് മേഖലകളിലായി 15 മാസം നീണ്ട് പരീക്ഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണു സൈന്യം ടാറ്റ മോട്ടോഴ്സിൽ നിന്നു ‘സഫാരി സ്റ്റോം’ വാങ്ങാൻ തീരുമാനിച്ചത്. ‘ജി എസ് 800’ വിഭാഗത്തിൽ പെട്ട 3,192 യൂണിറ്റ് ‘സഫാരി സ്റ്റോം ഫോർ ബൈ ഫോർ’ നിർമിച്ചു നൽകാനുള്ള ഓർഡറാണു ടാറ്റ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്.

സൈന്യത്തിന്റെ ആവശ്യം മുൻനിർത്തി ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), റിക്കവറി ഹുക്ക്, ജെറി കാൻ, ഫോഗ് ലാംപ് തുടങ്ങിയവയൊക്കെ ഈ ‘സഫാരി സ്റ്റോമി’ൽ ലഭ്യമാക്കിയിട്ടുണ്ട്. അകത്തളത്തിലാവട്ടെ ബക്കറ്റ് സീറ്റ്, മൊബൈൽ ചാർജിങ് പോയിന്റ്, എയർ കണ്ടീഷനിങ്, ഹീറ്റിങ്, ഡീ ഫോഗർ, പവർ വിൻഡോ തുടങ്ങിയവയൊക്കെയുണ്ട്. സകല സാധനസാമഗ്രികളുമായി ആറു സൈനികർക്കു സുഖകരമായ യാത്രയാണു വാഹനത്തിൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. 

വാഹനത്തിനു കരുത്തേകുന്നത് 2.2 ലീറ്റർ, നാല സിലിണ്ടർ, ടർബ ഡീസൽ എൻജിനാണ്; വ്യത്യസ്ത ട്യൂണിങ്ങിൽ 150 എച്ച് പി വരെ കരുത്തും 320 എൻ എം ടോർക്കും അതല്ലെങ്കിൽ 156 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. എൻജിൻ ശേഷി കുറവുള്ള മോഡലിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ശേഷിയേറിയ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സും. ഓപ്ഷനൽ വ്യവസ്ഥയിൽ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടും ലഭിക്കും. ഡൽഹി ഷോറൂമിൽ 10.84 മുതൽ 15.93 ലക്ഷം രൂപ വരെയാണു സാധാരണ ‘സഫാരി സ്റ്റോമി’നു വില.