റോയൽ എൻഫീൽഡ് ഹിമാലയനിലും ഇനി എ ബി എസ്

Royal Enfield Himalayan

ബുള്ളറ്റ് ശ്രേണിയിലെ ‘ക്ലാസിക് സിഗ്നൽസ് 350’ ബൈക്കിനു പിന്നാലെ കൂടുതൽ മോഡലുകളിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനം (എ ബി എസ്) വ്യാപിപ്പിക്കാൻ ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. എ ബി എസ് സഹിതമുള്ള ‘2018 ഹിമാലയൻ’ ബൈക്കിനുള്ള ബുക്കിങ് രാജ്യത്തെ വിവിധ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. എ ബി എസ് എത്തുന്നതോടെ എൻട്രി ലവൽ അഡ്വഞ്ചർ ബൈക്കായ ‘ഹിമാലയ’ന്റെ വിലയിൽ 10,000 രൂപയുടെ വില വർധനയുണ്ടാവുമെന്നാണു പ്രതീക്ഷ. എന്നാൽ ‘ബി എം ഡബ്ല്യു ജി 310 ജി എസി’ലുള്ള പോലെ സ്വിച്ചബ്ൾ എ ബി എസ് ആവുമോ ‘ഹിമാലയനി’ലുണ്ടാവുക എന്നതു സംബന്ധിച്ചും വ്യക്തതയില്ല.

‘ഹിമാലയൻ എ ബി എസി’ന്റെ കൃത്യമായ വില സംബന്ധിച്ചു സൂചനയൊന്നുമില്ല.  എങ്കിലും ‘ഹിമാലയൻ എ ബി എസി’ന് 1.78 ലക്ഷം രൂപയും ‘ഹിമാലയൻ സ്ലീറ്റ് എ ബി എസി’ന് 1.80 ലക്ഷം രൂപയുമാവും ഷോറൂം വിലയെന്നാണു മുംബൈയിലെ ചില ഡീലർമാരുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ നിരത്തിലെത്തുമ്പോൾ ഇരു മോഡലുകളുടെയും വില രണ്ടു ലക്ഷം രൂപ കടക്കും.സാധാരണ ഗതിയിൽ എ ബി എസ് സംവിധാനം ഏർപ്പെടുത്തുന്നതോടെ 10,000 — 12,000 രൂപയാണ് ഇരുചക്രവാഹന നിർമാതാക്കൾ അധിക വിലയായി ഈടാക്കാറുള്ളത്. എ ബി എസ് സൗകര്യമുള്ള ‘ഹിമാലയ’ന് 10,000 രൂപ വിലയേറിയാലും എതിരാളികളായ ബജാജും ടി വി എസുമൊക്കെയായി താരതമ്യം ചെയ്യുമ്പോൾ മത്സരക്ഷമത നഷ്ടമാവില്ലെന്നാണു വിലയിരുത്തൽ. 

എ ബി എസ് എത്തുന്നതിനപ്പുറം മറ്റു മാറ്റമൊന്നുമില്ലാതെയാവും ‘2018 ഹിമാലയ’ന്റെ വരവ്; ബൈക്കിനു കരുത്തേകുക 411 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാവും. 24.8 ബി എച്ച് പി വരെ കരുത്തും 32 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

കാർബുറേറ്ററിനു പകരം ഫ്യുവൽ ഇഞ്ചക്ഷൻ (എഫ് ഐ) സംവിധാനം ഏർപ്പെടുത്തി 2017  നവംബറിലാണ് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള ‘ഹിമാലയൻ’ റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്. ഒപ്പം ബൈക്കിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താനുള്ള നടപടികളും കമ്പനി സ്വീകരിച്ചിരുന്നു. ഓയിൽ കൂളറിനു സമീപം ചെറിയ ലോഹ ഗാർഡ് ഘടിപ്പിച്ചതും ഇന്ധന ടാങ്ക് ക്യാപ്പിനു മാറ്റ് ബ്ലാക്ക് പൗഡർ കോട്ടിങ് നൽകിയതും ഹാൻഡ്ൽ ബാറിന്റെ അഗ്രത്തിൽ വെയ്റ്റ് ഘടിപ്പിച്ചതും പിൻ സീറ്റിനു താഴെ ലഗേജ് മൗണ്ട് ഘടിപ്പിച്ചതുമൊക്കെയായിരുന്നു മാറ്റം.