സാക് ഹോളിസ് സ്കോഡ ഇന്ത്യ വിപണന വിഭാഗം ഡയറക്ടർ

സ്കോഡ ഓട്ടോ ഇന്ത്യയുടെ വിൽപ്പന, വിൽപ്പനാന്തരസേവന, വിപണന വിഭാഗം ഡയറക്ടറായി സാക് ഹോളിസ് നിയമിതനായി. നിലവിൽ സ്കോഡ ഓട്ടോയുടെ ചൈന മേഖല മേധാവിയാണു ഹോളിസ്. നവംബർ ഒന്നു മുതൽ പ്രാബല്യത്തോടെയാണ് അദ്ദേഹം ഇന്ത്യയിൽ സ്കോഡ വിൽപ്പന, വിപണന വിഭാഗം മേധാവിയായി ചുമതലയേൽക്കുക.

സ്കോഡ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുരുപ്രതാപ് ബൊപ്പറായിയുടെ കീഴിലാവും ഹോളിസിന്റെ പ്രവർത്തനം.  നിലവിൽ സ്കോഡ ഓട്ടോ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടറായ അശുതോഷ് ദീക്ഷിതിനെ ഫോക്സ്വാഗൻ രാജ്യാന്തരതലത്തിലേക്കു നിയോഗിച്ചതിനെ തുടർന്നു പകരക്കാരനായാണ് ഹോളിസിന്റെ വരവ്.

ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവ് മോഹിച്ചു ഫോക്സ്വാഗൻ ഗ്രൂപ്  നടപ്പാക്കുന്ന 2.0 പദ്ധതിയിൽ നേതൃത്വം സ്കോഡ ഓട്ടോ ഇന്ത്യയ്ക്കാണ്. ഈ തന്ത്രപ്രധാന വഴിത്തിരിവിലാണു കമ്പനിയുടെ വിപണന, വിൽപ്പന വിഭാഗങ്ങളെ നയിക്കാൻ ഹോളിസ് എത്തുന്നത്.

അടുത്ത മൂന്നു വർഷത്തിനിടെ 100 കോടി  യൂറോ(ഏകദേശം 7,900 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിക്കുമെന്നു കഴിഞ്ഞ ജൂലൈയിലാണു ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനും പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഗ്രൂപ് ഈ കനത്ത നിക്ഷേപത്തിന് ഒരുങ്ങിയത്. ചൈന പോലുള്ള വിപണികളിൽ ഹോളിസിനുള്ള പ്രവൃത്തി പരിചയവും അനുഭവസമ്പത്തും ഇന്ത്യയിൽ 2.0 വിപണന തന്ത്രം നടപ്പാക്കുന്നതിൽ സ്കോഡ ഓട്ടോ ഇന്ത്യയ്ക്കു തുണയാവുമെന്നു ബൊപ്പറായ് പ്രതീക്ഷ പ്രകടിപ്പിച്ചു.