ഫാക്ടറിയിൽ നിന്ന് പുതിയ എസ്‌‌യുവി മോഷ്ടിച്ച് ജീവനക്കാർ മുങ്ങി, കണ്ടെത്തിയത് മാസങ്ങൾക്ക് ശേഷം

Representative Image

വാഹന നിർമാണ ഫാക്ടറിയിൽ നിന്ന് വാഹനവുമായി ജീവനക്കാർ മുങ്ങി. ചെന്നൈയിലെ റെനോ ഫാക്ടറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരി 22 നാണ് രണ്ട് ഡസ്റ്റർ എസ് ‌യുവികൾ മോഷണം പോയ വിവരം അധികൃതർ അറിയുന്നത്. ജനുവരി ഏഴാം തിയതി നിർമാണം വരെ വാഹനങ്ങൾ ഡീലർഷിപ്പിലേയ്ക്ക് പോകാനായി യാഡിൽ ഉണ്ടായിരുന്നു എന്നാണ്  അധികൃതർ പറയുന്നത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഫാക്റ്ററിയിലെ രണ്ട് ജീവനക്കാർ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ നമ്പർപ്ലേറ്റുമായി എത്തി പുതിയ വാഹനത്തിൽ ഘടിപ്പിച്ചായിരുന്നു  മോഷണം. കഴിഞ്ഞ ഏഴു വർഷമായി ചെന്നൈയിലുള്ള റെനോ  നിസാൻ പ്ലാന്റിലെ ജീവനക്കാരായിരുന്ന പി. മാരിമുത്തു എന്ന മുഹമ്മദ് അഷ്റഫും  എം അരുൺ കുമാറുമാണ് അറസ്റ്റിലായത്. പുതിയ വാഹനം ഡീലർഷിപ്പിലേയ്ക്ക് പോകും മുമ്പ്  കുഴപ്പങ്ങളുണ്ടോ എന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുന്ന ജോലിയായിരുന്നു ഇവർക്ക്. ഇതാണ് ഇവരെ എളുപ്പത്തിൽ വാഹനം മോഷ്ടിക്കാൻ സഹായിച്ചത്. 

നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാൽ ഫാക്ടറി ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വാഹന നമ്പർ മാത്രമേ പരിശോധിക്കു എന്ന് അറിയാവുന്നതും ഇവർക്ക് ഗുണമായി. മോഷ്ടിച്ച രണ്ട് ഡസ്റ്ററുകളിൽ ഒരെണ്ണം ഇവർ 6 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റു. രണ്ടു വാഹനങ്ങളും കണ്ടെത്തി, വീണ്ടെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.