ഹോണ്ടയുടെ ഇന്ത്യയിലെ വിൽപ്പന 15 ലക്ഷത്തിൽ

Honda City

ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം കാർ വിൽപ്പന 15 ലക്ഷം പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). 1998 ജനുവരിയിലായിരുന്നു ഹോണ്ട കാഴ്സ് ഇന്ത്യയിൽ ആദ്യ കാർ വിൽപ്പനയ്ക്കെത്തിച്ചത്.  ജനപ്രിയ സെഡാനുകളായ ‘സിറ്റി’യും ‘അമെയ്സു’മടക്കം എട്ടു മോഡലുകളാണ് നിലവിൽ ഹോണ്ട കാഴ്സ് ഇന്ത്യ ആഭ്യന്തര വിപണിയിൽ വിൽക്കുന്നത്. ഇന്ത്യയിലെത്തി 14 വർഷവും മൂന്നു മാസവും തികഞ്ഞ 2012 മാർച്ചിലായിരുന്നു കമ്പനിയുടെ മൊത്തം വിൽപ്പന ആദ്യ അഞ്ചു ലക്ഷം തികഞ്ഞത്. 

തുടർന്നുള്ള മൂന്നു വർഷവും ഏഴു മാസവും പിന്നിട്ടതോടെ 2015 ഒക്ടോബറിനകം അഞ്ചു ലക്ഷം യൂണിറ്റ് കൂടി വിറ്റ് മൊത്തവിൽപ്പന 10 ലക്ഷത്തിലെത്തിക്കാൻ കമ്പനിക്കായി. എന്നാൽ അവസാന അഞ്ചു ലക്ഷം യൂണിറ്റ് കമ്പനി വിറ്റത് വെറും 34 മാസത്തിനുള്ളിലാണ്: അതായത് രണ്ടു വർഷവും 10 മാസവും.

ആധുനിക രൂപകൽപ്പന, സാങ്കേതികവിദ്യ, വിശ്വാസ്യത, ദൃഢത, ഇന്ധനക്ഷമത തുടങ്ങിയവയാണു ഹോണ്ടയ്ക്ക് ഇന്ത്യയിൽ മേൽക്കൈ നേടിക്കൊടുക്കുന്നതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഭാവിയിൽ മികച്ച സാങ്കേതികവിദ്യയും മികച്ച ഉൽപ്പന്നങ്ങളും മികച്ച സേവനവും കമ്പനി ഇന്ത്യയിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ടു പതിറ്റാണ്ടിലേറെ മുമ്പ് പ്രീമിയം സെഡാനായ ‘സിറ്റി’യുമായാണ് ഹോണ്ട ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഇപ്പോഴത്തെ കണക്കെടുപ്പിലും ഹോണ്ടയുടെ മൊത്തം വിൽപ്പനയിൽ സിംഹഭാഗവും നേടിക്കൊടുത്തത് ‘സിറ്റി’തന്നെ. എൻട്രി ലവൽ സെഡാനായ ‘അമെയ്സും’ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസു’മാണു ഹോണ്ടയുടെ ഇന്ത്യയിലെ വിൽപ്പനയിൽ അടുത്ത സ്ഥാനങ്ങളിൽ. 231 ഇന്ത്യൻ നഗരങ്ങളിലായി 341 വിൽപ്പനശാലകളാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിനുള്ളത്.