Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ടർ സല്യൂട്ട് നൽകി എയർഇന്ത്യ വിമാനത്തെ സ്വീകരിച്ച് കണ്ണൂർ – വിഡിയോ

air-india-kannur Image- Twitter

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡു ചെയ്ത എയർ ഇന്ത്യ വിമാനത്തെ സ്വീകരിച്ചത് വാട്ടർ സല്യൂട്ട് നടത്തി. റൺവേയിൽ നിന്നു ടാക്സി വേയിലേക്ക് പ്രവേശിച്ച വിമാനത്തിന് രണ്ട് ഫയർ എൻജിനുകൾ ചേർന്നാണ് വാട്ടർ സല്യൂട്ട് നടത്തിയത്. പുതിയ എയർപോർട്ടിലേക്ക് ആദ്യമായി ലാൻഡു ചെയ്യുന്ന വിമാനങ്ങൾ, ഒരു വിമാനത്തിന്റെ അവസാന ലാൻഡിങ്, ഏതെങ്കിലും വിഭാഗത്തിൽ പെട്ട വിമാനം ആദ്യമായാണ് എയർപോർട്ടിലെത്തുന്നത് എന്നീ സന്ദർഭങ്ങളിലാണ് വാട്ടർ സല്യൂട്ട് നടത്തുന്നത്.

പുതിയ രാജ്യാന്തര ടെർമിനൽ തുറന്നതിനു ശേഷം ആദ്യമെത്തിയ വിമാനത്തിനും പ്രളയത്തിനു ശേഷം അടച്ചിട്ട കൊച്ചി വിമാനത്താവളം വീണ്ടും തുറന്നപ്പോൾ ആദ്യം ലാൻഡു ചെയ്ത വിമാനത്തിനും ഇത്തരത്തിലുള്ള വാട്ടർ സല്യൂട്ട് നൽകിയിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി നൽകുന്നതിനു മുന്നോടിയായി വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ ലാൻഡിങ്ങായിരുന്നു നടന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയത്. കണ്ണൂരിൽ ലാൻഡു ചെയ്യുന്ന ആദ്യ വലിയ യാത്രാ വിമാനമാണിത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ് നടത്തിയത്.

എയർ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738–800 വിമാനമാണ് എത്തിയത്. തിരുവനന്തപുരത്തു നിന്നു രാവിലെ ഒൻപതിനാണ് വിമാനം പുറപ്പെട്ടത്. ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റൺവേകളിലും മൂന്നു തവണ വീതം ലാൻഡിങ് നടത്തി പരിശോധന പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചാണ് ഈ ലാൻഡിങ്ങുകൾ.

താഴ്ന്നു പറക്കുന്ന ടച്ച് ആൻഡ് ഗോ, ഏതെങ്കിലും സാഹചര്യത്തിൽ വിമാനം ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ തിരികെ പറക്കുന്ന മിസ്ഡ് അപ്രോച്ച് എന്നിവയും പരീക്ഷിക്കും. എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെ നടത്തുന്ന പരീക്ഷണ പറക്കൽ മൂന്നു മണിക്കൂറോളം തുടരും. കർണാടക സ്വദേശിയായ കമാൻഡർ ക്യാപ്റ്റൻ എ.എസ്.റാവുവാണ് വിമാനം പറത്തുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥൻ, എയർഇന്ത്യ എക്സ്പ്രസിന്റെ 2 എയർക്രാഫ്റ്റ് എൻജിനീയർമാർ എന്നിവരും വിമാനത്തിലുണ്ട്.‌