പിന്നിലും ഡിസ്ക് ബ്രേക്കുമായി റോയൽ എൻഫീൽഡ് ക്ലാസിക് 350

റോയൽ എൻഫീൽഡ് ‘ബുള്ളറ്റ്’ ശ്രേണിയിലെ അടിസ്ഥാന വകഭേദമായ ‘ക്ലാസിക് 350’ ബൈക്കിനും പിന്നിൽ ഡിസ്ക് ബ്രേക്ക് എത്തി. മുംബൈ ഷോറൂമിൽ 1,47,195 രൂപയാണു പിന്നിലും ഡിസ്ക് ബ്രേക്കുള്ള ‘ക്ലാസിക്കി’നു വില. കഴിഞ്ഞ വർഷം നിരത്തിലെത്തിയ, ബൈക്കിന്റെ ഗൺമെറ്റൽ നിറമുള്ള മോഡലായിരുന്നു പിന്നിൽ ഡിസ്ക് ബ്രേക്ക് ഘടിപ്പിച്ച ആദ്യ ‘ക്ലാസിക് 350’.  അതേസമയം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുള്ള ‘350 ക്ലാസിക്കി’ൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം ലഭ്യമാക്കിയിട്ടില്ല. ഈ വിഭാഗത്തിൽ ‘സിഗ്നൽസ്’ വകഭേദത്തിൽ മാത്രമാണ് എ ബി എസുള്ളത്; 1,61,984 രൂപയാണു ബൈക്കിന്റെ മുംബൈ ഷോറൂമിലെ വില.

എന്നാൽ കമ്പനിയുടെ മോഡൽ ശ്രേണിക്കു പൂർണമായി ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിക്കുമെന്നു റോയൽ എൻഫീൽഡ് മോട്ടോഴ്സ് ലിമിറ്റഡ് പ്രസിഡന്റ് രുദ്രതേജ് സിങ് വെളിപ്പെടുത്തിയിരുന്നു. ‘350 ക്ലാസിക്കി’ൽ പിന്നിൽഡിസ്ക് ബ്രേക്ക് ഘടിപ്പിച്ചത് ഈ ദിശയിലുള്ള ചുവടുവയ്പ്പായിട്ടാണു വിലയിരുത്തപ്പെടുന്നത്. പിന്നിൽ ഡ്രമ്മിനു പകരം ഡിസ്ക് ബ്രേക്ക് ഇടംപിടിച്ചതിനപ്പുറം റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും ജനപ്രിയ മോഡലായ ‘350 ക്ലാസിക്കി’ൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബൈക്കിനു കരുത്തേകുന്നത് 346 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 19.8 ബി എച്ച് പിയോളം കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

അധികം വൈകാതെ 650 സി സി എൻജിനുള്ള ‘ഇരട്ട’കളെ അവതരിപ്പിക്കാനും ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്. ‘ഇന്റർസെപ്റ്റർ 650’, ‘കോണ്ടിനെന്റൽ ജി ടി 650’ എന്നിവ ഇക്കൊല്ലം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.