ആവേശം കാട്ടേണ്ട, ഹാരിയർ ബുക്കിങ് തുടങ്ങിയിട്ടില്ല

Tata Harrier

ടാറ്റ മോട്ടോഴ്സ് അടുത്ത വർഷം നിരത്തിലെത്തിക്കുമെന്നു കരുതുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയറി’നെപ്പറ്റി പ്രതീക്ഷകൾ വാനോളമാണ്. അതുകൊണ്ടുതന്നെ ടാറ്റയുടെ ഈ പുത്തൻ പോരാളിയെ സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്കും പഞ്ഞമൊന്നുമില്ല. 

‘ഹാരിയറി’ന്റെ അവതരണ തീയതിയോ മറ്റു വിശദാംശങ്ങളോ പ്രഖ്യാപിക്കുംമുമ്പുതന്നെ വാഹനം ബുക്ക് ചെയ്യാൻ സാഹസം കാട്ടിയ ആരാധകനാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സിനെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്. ഡീലർഷിപ്പിൽ അര ലക്ഷം രൂപ അടച്ചതിന്റെ രസീത് സഹിതം ഇദ്ദേഹം ‘ഹാരിയർ’ ബുക്ക് ചെയ്ത വാർത്ത സമൂഹ മാധ്യമങ്ങളിൽ വിളംബരവും ചെയ്തു. ഇതോടെ ‘ഹാരിയറി’നുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങിയെന്ന അഭ്യൂഹവും ശക്തമായി. 

വാർത്തകൾ വ്യാപകമായതോടെ ‘ഹാരിയർ’ ബുക്കിങ്ങിനു തുടക്കമായില്ലെന്ന വിശദീകരണവുമായി ടാറ്റ മോട്ടോഴ്സും രംഗത്തെത്തി. ഔദ്യോഗിക പ്രഖ്യാപനത്തോടെ മാത്രമാവും ‘ഹാരിയർ’ ബുക്കിങ് ആരംഭിക്കുകയെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ ‘ഹാരിയറി’നായി അരലക്ഷം രൂപ അഡ്വാൻസ് നൽകിയ സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. ആദ്യ ‘ഹാരിയറി’ന്റെ ഉടമയാവണമെന്ന വാശിപിടിച്ച ആരോ ആണു ഡീലർഷിപ്പിലെത്തി നിർബന്ധിച്ച് അഡ്വാൻസ് കൈമാറിയതെന്നാണു കമ്പനിയുടെ നിലപാട്. പണത്തിനു ലഭിച്ച രസീസ് അദ്ദേഹം മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്രെ.

സംഭവത്തിന്റെ പേരിൽ അനാവശ്യ കോലാഹലം ഉയർന്ന സാഹചര്യത്തിൽ ‘ഹാരിയറി’നായി നൽകിയ അഡ്വാൻസ് തുക മടക്കി നൽകാൻഡീലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തി. ലാൻഡ് റോവർ വികസിപ്പിച്ച ‘ഒമേഗ’ പ്ലാറ്റ്ഫോം അടിത്തറയാക്കി ടാറ്റ മോട്ടോഴ്സ് സാക്ഷാത്കരിക്കുന്ന ‘ഹാരിയറി’ന് കരുത്തേകുക 140 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ ഡീസൽ എൻജിനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം ഹ്യുണ്ടേയിൽ നിന്നു കടംകൊണ്ട ഓട്ടമാറ്റിക് ഗീയർബോക്സും അഞ്ചു പേർക്കു യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്ന ‘ഹാരിയറി’ലെ ട്രാൻസ്മിഷൻ സാധ്യതയാവും. ഹ്യുണ്ടേയിയുടെ തന്നെ ‘ക്രേറ്റ’യോടും മറ്റു പടവെട്ടാനെത്തുന്ന ‘ഹാരിയറി’ന്റെ അരങ്ങേറ്റം അടുത്ത വർഷം ആദ്യമുണ്ടാവുമെന്നാണു പ്രതീക്ഷ.