യു എസിൽ വിൽപ്പനയ്ക്ക് ഇന്ത്യൻ നിർമിത ബെൻസ്

യു  എസും ചൈനയുമായുള്ള വ്യാപാര ബന്ധം ഉലയുന്നത് ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിന് അപ്രതീക്ഷിത നേട്ടമാവുന്നു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള ചുങ്കം യു എസ് കുത്തനെ ഉയർത്തിയതോടെയാണ് ഇടത്തരം എസ് യു വിയായ ‘ജി എൽ സി’ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യാൻ മെഴ്സീഡിസ് ബെൻസ് തീരുമാനിച്ചത്. 

പുണെയ്ക്കടുത്ത് ചക്കനിലെ ശാലയിൽ ലഭ്യമായ ഉൽപ്പാദനശേഷിയാണു മെഴ്സീഡിസ് ബെൻസ് നോർത്ത് അമേരിക്കൻ വിപണിയിൽ ‘ജി എൽ സി ക്ലാസി’നുള്ള ആവശ്യം നിറവേറ്റാൻ ഉപയോഗിക്കുന്നത്; പ്രതിവർഷം 20,000 യൂണിറ്റാണു മെഴ്സീഡിസിന്റെ ഇന്ത്യൻ ശാലയുടെ ശേഷി. യു എസിൽ ഏറ്റവുമധികം വിൽപ്പനയുള്ള മെഴ്സീഡിസ് മോഡലാണു ‘ജി എൽ സി’; ഇതുവരെ ജർമനിയിലെ ബ്രെമനിലുള്ള ശാലയിൽ നിന്നാണു കമ്പനി യു എസിനായി ഈ എസ് യു വി നിർമിച്ചിരുന്നത്. മാത്രമല്ല, യു എസിലെ അലബാമയിലുള്ള ശാലയിൽ ‘ജി എൽ സി’ നിർമിക്കാൻ മെഴ്സീഡിസിനു പദ്ധതിയുമില്ല.

ഇതോടെ ഇന്ത്യയിൽ നിർമിച്ച ആഡംബര കാർ യു എസിലേക്കു കയറ്റുമതി ചെയ്യുന്ന ആദ്യ വാഹന നിർമാതാവായി മെഴ്സീഡിസ് ബെൻസ് മാറിയിട്ടുണ്ട്. പോരെങ്കിൽ മെഴ്സീഡിസ് പോലൊരു നിർമാതാവ് ഇന്ത്യയിൽ നിർമിച്ച കാർ യു എസിൽ വിൽക്കുന്നതു രാജ്യത്തിനും ഏറെ അഭിമാനാർഹമായ നേട്ടമാവും. അടുത്ത വർഷത്തോടെ ‘ജി എൽ സി ക്ലാസി’ന്റെ പരിഷ്കരിച്ച പതിപ്പ് രാജ്യാന്തര വിപണികളിൽ അവതരിപ്പിക്കാനും മെഴ്സീഡിസ് ബെൻസിനു പദ്ധതിയുണ്ട്.