5 മാസത്തിൽ 50000 യൂണിറ്റ്, റെക്കൊർഡിട്ട് ഹോണ്ട അമെയ്സ്

Honda Amaze 2018

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ പുതിയ പതിപ്പിന്റെ വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). കഴിഞ്ഞ മേയിൽ വിപണിയിലെത്തിയ പുത്തൻ ‘അമെയ്സ്’ അഞ്ചു മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറ്റവും വേഗത്തിൽ അര ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന മോഡലുമായിട്ടുണ്ട് പുതിയ ‘അമെയ്സ്’. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്തെ ഹോണ്ട ഇന്ത്യ വിൽപ്പനയിൽ പകുതിയോളം സംഭാവന ചെയ്തതും ‘അമെയ്സ്’ ആയിരുന്നു.

‘അമെയ്സ്’ ഉടമസ്ഥരിൽ 20 ശതമാനത്തോളം ആദ്യമായി കാർ വാങ്ങാനെത്തുന്നവരായിരുന്നെന്നും ഹോണ്ട കാഴ്സ് ഇന്ത്യ വിശദീകരിക്കുന്നു. ‘അമെയ്സ്’ വിൽപ്പനയിൽ 40 ശതമാനത്തോളം മെട്രോ, മുൻനിര പട്ടണങ്ങളിൽ നിന്നായിരുന്നു; 30% വീതം രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നായിരുന്നെന്നും കമ്പനി വെളിപ്പെടുത്തുന്നു.

ഇന്ത്യൻ കുടുംബങ്ങൾക്കായി മുന്തിയ സെഡാൻ വികസിപ്പിക്കുകയെന്ന ആശയത്തിൽ അധിഷ്ഠിതമായാണു പുത്തൻ ‘അമെയ്സ്’ സാക്ഷാത്കരിച്ചതെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) മകാറ്റൊ ഹ്യോഡ അറിയിച്ചു. കോംപാക്ട് സെഡാൻ വിഭാഗം ഉപയോക്താക്കളുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന മോഡലാവണം പുതിയ ‘അമെയ്സ്’ എന്നു കമ്പനി ആഗ്രഹിച്ചിരുന്നു. അഞ്ചു മാസത്തിനിടെ അര ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാനായത് ‘അമെയ്സി’ന്റെ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.