ഹോണ്ട സിബി ഷൈൻ മൊത്തം വിൽപ്പന 70 ലക്ഷമെത്തി

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ എക്സിക്യൂട്ടീവ് ബൈക്കായ ‘സി ബി ഷൈനി’ന്റെ മൊത്തം വിൽപ്പന 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇന്ത്യയിലെ ബൈക്കുകളുടെ വിൽപ്പന കണക്കെടുപ്പിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കുന്ന ഏക 125 സി സി ബൈക്കാണ് ‘സി ബി ഷൈൻ’ എന്നും എച്ച് എം എസ് ഐ അവകാശപ്പെട്ടു.

‘ഷൈൻ’ ശ്രേണിയുടെ പിൻബലത്തിൽ ഇന്ത്യയിലെ 125 സി സി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 51% വിപണി വിഹിതത്തോടെ നേതൃസ്ഥാനവും എച്ച് എം എസ് ഐ സ്വന്തമാക്കിയിട്ടുണ്ട്. പോരെങ്കിൽ 125 സി സി വിഭാഗത്തിലെ വിൽപ്പനയിൽ രണ്ടു ശതമാനം ഇടിവു രേഖപ്പെടുത്തിയപ്പോൾ ‘ഷൈൻ’ വിൽപ്പനയിൽ 10% വർധന കൈവരിച്ചിരുന്നു.

ദശാബ്ദത്തിലേറെ കാലത്തെ പാരമ്പര്യമുള്ള ‘ഷൈനി’ൽ വിശ്വാസമർപ്പിച്ച 70 ലക്ഷത്തോളം ഉപയോക്താക്കളോട് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേരിയ കൃതജ്ഞത രേഖപ്പെടുത്തി. 125 സി സി എൻജിനുള്ള എക്സിക്യൂട്ടീവ് വിഭാഗത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനം നിലനിർത്താൻ ‘ഷൈനി’നു സാധിക്കുന്നതും ഈ സ്വീകാര്യത മൂലമാണ്. ഇക്വലൈസർ സഹിതമുള്ള കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)മാണ് ബൈക്കിനെ ഈ വിഭാഗത്തിലെ എതിരാളികളിൽ നിന്നു വേറിട്ടു നിർത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ള 124.73 സി സി, സിം ഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണു ‘സി ബി ഷൈനി’നു കരുത്തേകുന്നത്. പുത്തൻ ഗ്രാഫിക്സിന്റെയും പ്രീമിയം ത്രിമാന എംബ്ലത്തിന്റെയുമൊക്കെ പിൻബലത്തിൽ കൂടുതൽ കാഴ്ചപ്പകിട്ടോടെ എത്തുന്ന ബൈക്കിൽ യാത്രാസുഖത്തിനായി നീളമേറിയ സീറ്റുമുണ്ട്. 

ഉത്സവകാലം പ്രമാണിച്ച് മോട്ടോർ സൈക്കിൾ വാങ്ങുന്നവർക്ക് ഹോണ്ട ജോയ് ക്ലബ്വിൽ സൗജന്യ അംഗത്വവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം  ‘വിങ്സ് ഓഫ് ജോയ്’ നറുക്കെടുപ്പ് പദ്ധതി വഴി എൽ ജി എൽ ഇ ഡി ടി വി, സാംസങ് സ്മാർട്ഫോൺ, സോണി ഇയർഫോൺ തുടങ്ങിയ സമ്മാനങ്ങളും ബൈക്ക് ഉടമകളെ കാത്തിരിപ്പുണ്ട്. കൂടാതെ മഹാജോയ്, ബംപർ ജോയ് സമ്മാനങ്ങളായി ഹോണ്ട ‘ബ്രിയോ’ കാറും ‘അമെയ്സ്’ കാറും സ്വന്തമാക്കാനും അവസരമുണ്ട്.