കമ്യൂട്ടർ ബൈക്കുകളിൽ യു ബി എസുമായി യമഹ

2019 Yamaha Saluto RX 110

കമ്യൂട്ടർ ബൈക്കുകളായ സല്യൂട്ടൊ ആർ എക്സ്, സല്യൂട്ടൊ 125 എന്നിവയിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ യൂണിഫൈഡ് ബ്രേക്കിങ് സംവിധാനം(യു ബി എസ്) ഘടിപ്പിച്ചു. കംബൈൻഡ് ബ്രേക്കിങ് സിസ്റ്റത്തിന്റെ യമഹ പതിപ്പായ യു ബി എസ് എത്തുന്നതോടെ ‘സല്യൂട്ടൊ ആർ എക്സി’ന്റെ വില 57,200 രൂപ(ഡൽഹി ഷോറൂം)യാവും; സാധാരണ നിറങ്ങൾക്കാണ് ഈ വില. പ്രത്യേക നിറമായ ‘ഡാർക് നൈറ്റി’ലുള്ള ‘സല്യൂട്ടൊ ആർ എക്സി’ന്റെ വില 53,300 രൂപയാണ്. ഡ്രം ബ്രേക്കുള്ള ‘സല്യൂട്ടൊ 125 യു ബി എസി’ന് 58,800 രൂപയും മുന്നിൽ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിന് 60,500 രൂപയുമാണു വില. ‘സല്യൂട്ടൊ 125 യു  ബി എസി’ന്റെ മാറ്റ ഗ്രീൻ നിറമുള്ള ബൈക്ക് സ്വന്തമാക്കാൻ 1,000 രൂപ അധികം മുടക്കണം. 

മുൻ — പിൻ ബ്രേക്കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും ഇരു ബ്രേക്കുകളും ഒരുമിച്ചു പ്രയോഗിക്കുകയും ചെയ്യുന്ന സംയോജിത ബ്രേക്കിങ് സംവിധാനമാണു യു ബി എസ് എന്നു യമഹ വിളിക്കുന്ന സി ബി എസ്. അടുത്ത ഏപ്രിൽ ഒന്നു മുതൽ 125 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിൽ കോംബിനേഷൻ ബ്രേക്ക് സംവിധാനവും 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോഡലുകളിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 110, 125 സി സി എൻജിനുള്ള ‘സല്യൂട്ടൊ’യിൽ യമഹ യു ബി എസ് ലഭ്യമാക്കുന്നത്.

ബ്രേക്കിങ് സംവിധാനത്തിലെ പരിഷ്കാരം ഒഴിവാക്കിയാൽ മറ്റു മാറ്റമൊന്നുമില്ലാതെയാണ് ‘സല്യൂട്ടൊ ആർ എക്സ് യു ബി എസി’ന്റെയും ‘സല്യൂട്ടൊ 125 യു ബി എസി’ന്റെയും വരവ്. ‘സല്യൂട്ടൊ ആർ എക്സി’ലെ 110 സി സി എൻജിന് 7.5 ബി എച്ച് പിയോളം കരുത്തും 8.5 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ‘സല്യൂട്ടൊ 125 യു ബി എസി’നു കരുത്തേകുന്നത് 125 സി സി എൻജിനാണ്; 8.3 ബി എച്ച് പി കരുത്തും 10.1 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരു ബൈക്കുകളിലും നാലു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

‘സല്യൂട്ടൊ ആർ എക്സി’ന്റെ മത്സരം ടി വി എസ് ‘റാഡിയൊൺ’, ഹോണ്ട ‘സി ഡി 110 ഡ്രീം ഡി എക്സ്’, ബജാജ് ‘പ്ലാറ്റിന 110 ഇ എസ്’, ഹീറോ ‘സ്പ്ലെൻഡർ പ്ലസ്’ തുടങ്ങിയവയോടാണ്. ‘സല്യൂട്ടൊ 125’ മത്സരിക്കുന്നതാവട്ടെ ബജാജ് ‘ഡിസ്കവർ 125’, ഹോണ്ട ‘സി ബി ഷൈൻ’, ഹീറോ ‘സൂപ്പർ സ്പ്ലെൻഡർ’ തുടങ്ങിയവയോടാണ്.