ടാറ്റയുടെ ഹാരിയർ അവതരണം ജനുവരി 23ന്

ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയറി’ന്റെ അരങ്ങേറ്റം ജനുവരി 23ന്. ഇതിനു മുന്നോടിയായി 30,000 രൂപ അഡ്വാൻസ് ഈടാക്കി ടാറ്റ മോട്ടോഴ്സ് ഡീലർമാർ ‘ഹാരിയറി’നുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി. വിൽപ്പനയ്ക്കെത്തുമ്പോൾ 16 മുതൽ 21 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ‘ഹാരിയറി’ന്റെ മത്സരം മഹീന്ദ്ര ‘എക്സ് യു വി 500’, ഹ്യുണ്ടേയ് ‘ക്രേറ്റ’, ജീപ് ‘കോംപസ്’ തുടങ്ങിയവയോടാവും.

ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിൽ നിന്നു കടമെടുത്ത രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും ‘ഹാരിയറി’നു കരുത്തേകുക; ‘ക്രയോടെക്’ എന്നാണു ടാറ്റ മോട്ടോഴ്സ് ഈ എൻജിനെ വിളിക്കുക. ‘കോംപസി’ൽ 173 പി എസ് കരുത്തു സൃഷ്ടിക്കുന്ന എൻജിന് ‘ഹാരിയറി’ൽ പക്ഷേ 140 പി എസ് കരുത്ത് മാത്രമാണു സൃഷ്ടിക്കുക. അതേസമയം, പരമാവധി ടോർക്ക് ‘കോംപസി’ലും ‘ഹാരിയറി’ലും 350 എൻ എമ്മായി തുടരും. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ടാറ്റ മോട്ടോഴ്സ് നടത്തിയ വിട്ടുവീഴ്ച മൂലമാണു ‘ഹാരിയറി’ൽ കരുത്ത് കുറയുന്നത്. അതേസമയം, ‘ഹാരിയറി’ൽ പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടുമില്ല. 

ആറു സ്പീഡ് മാനുവൽ ഗീയർബോക്സോടെ മാത്രമാവും തുടക്കത്തിൽ ‘ഹാരിയർ’ വിപണിയിലുണ്ടാവുക. പിന്നീട് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ‘ഹാരിയർ’ ലഭിക്കുമെന്നു പറയുമ്പോഴും ഈ വകഭേദത്തിന്റെ അവതരണം സംബന്ധിച്ചു ടാറ്റ മോട്ടോഴ്സ് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ എൻട്രി ലവൽ എസ് യു വി പ്ലാറ്റ്ഫോമായ ‘ഡി എയ്റ്റ്’ അടിത്തറയാക്കിയാണ് ‘എച്ച് ഫൈവ് എക്സ്’ എന്ന കോഡ് നാമത്തിൽ ടാറ്റ മോട്ടോഴ്സ് ‘ഹാരിയർ’ വികസിപ്പിച്ചത്. ലാൻഡ് റോവർ ‘ഡിസ്കവറി സ്പോർട്’, ജഗ്വാർ ‘ഇ പേസ്’, ‘റേഞ്ച് റോവർ ഇവോക്’ തുടങ്ങിയവയ്ക്ക് അടിത്തറയാവുന്നതു ഇതേ പ്ലാറ്റ്ഫോമാണ്.