ഡൽഹിയിൽ ഇക്കൊല്ലം 849 ക്ലസ്റ്റർ ബസ്സുകൾ കൂടി

രാജ്യതലസ്ഥാനത്ത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റം(ഡി ഐ എം ടി എസ്) 32 പുതിയ ബസ്സുകൾ വാങ്ങി. മാസാവസാനത്തോടെ 30 ബസ്സുകൾ കൂടി എത്തുമെങ്കിലും ഓഗസ്റ്റിനു മുമ്പ് ഇവ നിരത്തിലിറങ്ങാൻ സാധ്യതയില്ല. പുതിയ ബസ്സുകളുടെ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായെന്നും പെർമിറ്റ് വിതരണത്തിനുള്ള നടപടികളാണു നിലവിൽ പുരോഗമിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ടാറ്റ മോട്ടോഴ്സും അശോക് ലേയ്ലൻഡുമാണു ഡി ഐ എം ടി എസിനുള്ള പുതിയ ബസ്സുകൾ നിർമിച്ചു നൽകുന്നത്.
ഓഗസ്റ്റോടെ 100 നോൺ എ സി ബസ്സുകൾ പുറത്തിറക്കാനാണ് ഡി ഐ എം ടി എസിന്റെ ശ്രമം.

സെപ്റ്റംബറിൽ 100 പുതിയ ബസ്സുകൾ കൂടി ഡി ഐ എം ടി എസിക്കു ലഭിക്കും. ഒക്ടോബർ മുതൽ പുതിയ ശീതീകരിച്ച ബസ്സുകളും ഡി ഐ എം ടി എസ് തലസ്ഥാനത്തെ നിരത്തിലിറക്കും. ഒക്ടോബർ അവസാനത്തോടെ 418 നോൺ എ സി ബസ്സുകളും വർഷാവസാനത്തോടെ 431 എ സി ബസ്സുകളും ഈ ക്ലസ്റ്റർ ഫ്ളീറ്റിൽ ചേരുമെന്നാണു പ്രതീക്ഷ. കിഴക്കൻ, മധ്യ ഡൽഹിയിൽ സർവീസ് നടത്തുന്ന ഡി ഐ എം ടി എസ് ക്ലസ്റ്റർ ആറിലേക്കും ഏഴിലേക്കുമാണു പുതിയ ബസ്സുകൾ എത്തുന്നത്. ദിൽഷാദ് ഗാർഡൻ, രാജ്ഘട്ട് ഡിപ്പോകളിൽ നിന്നു മോറി ഗേറ്റ്, സീലാംപൂർ, ജഗത്പുരി, കല്യാൺപുരി, മയൂർ വിഹാർ, ആനന്ദ് വിഹാർ, ജി ടി റോഡ്, നന്ദ് നഗ്രി, ബുരാരി, മുകന്ദ്പൂർ, ബദ്ലി, ഷാബാദ് ഡയറി മേഖലകളിലേക്കാണ് ഈ ക്ലസ്റ്ററിലെ ബസ്സുകൾ സർവീസ് നടത്തുന്നത്.

പൊതുഗതാഗത രംഗത്തു കൂടുതൽ വാഹനലഭ്യത ഉറപ്പാക്കാൻ ശ്രമിക്കുന്ന ഡൽഹി സർക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയ ബസ്സുകളുടെ വരവ് ഏറെ അനുഗ്രഹമാണ്. ഡൽഹി ട്രാൻസ്പോർട് കോർപറേഷന്(ഡി ടി സി) 1,000 ബസ്സുകൾ വാങ്ങാനുള്ള ടെൻഡറിന് ഇതുവരെ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി വിഭാവന ചെയ്ത പ്രീമിയം ബസ് സർവീസ് പദ്ധതിക്കാവട്ടെ ലഫ്റ്റനന്റ് ഗവർണർ അനുമതിയും നൽകിയില്ല.