Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വർഷം 80 ‘എ 350’ കൈമാറാൻ എയർബസ്

airbus-a350-1000 Airbus A 350-1000

അടുത്ത വർഷം 80 ‘എ 350’ വിമാനങ്ങൾ നിർമിച്ചു കൈമാറാനാവുമെന്ന് എയർബസ് ഇൻഡസ്ട്രിക്കു പ്രതീക്ഷ. ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ‘എ 350’ ഉൽപ്പാദനം 2018 ആകുമ്പോഴേക്ക് പ്രതിമാസം 10 വിമാനമെന്ന നിലവാരത്തിലെത്തിക്കാനാവുമെന്നും എയർബസ് കണക്കുകൂട്ടുന്നു. എന്നാൽ എയർബസിനായി വിവിധ യന്ത്രഘടകങ്ങൾ നിർമിക്കുന്നവർ കൂടി അവസരത്തിനൊത്ത് ഉയർന്നാൽ മാത്രമാവും കമ്പനിയുടെ ഈ കണക്കുകൂട്ടലുകൾ ലക്ഷ്യത്തിലെത്തുക. അതേസമയം, അടുത്ത വർഷം പ്രതിമാസം ഏഴോളം ‘എ 350’ നിർമിച്ചു വിൽക്കാനാവുമെന്ന പ്രചാരണത്തോട് എയർബസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത ഫെബ്രുവരിയോടെയാവും 2017ലെ നിർമാണ പദ്ധതി വെളിപ്പെടുത്തുകയെന്നാണു കമ്പനിയുടെ നിലപാട്.

വലിപ്പമേറിയ വകഭേദമായ ‘എ 350 — 1000’ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വ്യാഴാഴ്ച വിജയകരമായി പൂർത്തിയായിരുന്നു. തുടർന്ന് ഇക്കൊല്ലം ‘എ 350’ വിൽപ്പന 50 യൂണിറ്റ് പിന്നിടുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് എയർബസ് പ്ലെയിൻ നിർമാണ വിഭാഗം മേധാവി ഫാബ്രിസ് ബ്രജിയർ വ്യക്തമാക്കുകയും ചെയ്തു. എയർബസ് ‘എ 350’ ഗണത്തിൽപെട്ട 35 വിമാനങ്ങളാണു കമ്പനി ഇക്കൊല്ലം ഇതുവരെ നിർമിച്ചു കൈമാറിയത്. ഇതോടൊപ്പം ഹ്രസ്വദൂര യാത്രകൾക്കുള്ള ഇന്ധനക്ഷമതയേറിയ മോഡലായ ‘എ 320 നിയൊ’ വിമാനങ്ങളുടെ നിർമാണം ഊർജിതമാക്കാനും എയർബസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിമാനങ്ങളുടെ എൻജിൻ നിർമിക്കുന്നതിൽ യു എസ് ആസ്ഥാനമായ പ്രാറ്റ് ആൻഡ് വിറ്റ്നി വരുത്തിയ കാലതാമസമാണ് ‘എ 320 നിയൊ’ കൈമാറ്റത്തിനു തിരിച്ചടിയായത്. എൻജിൻ ലഭ്യതയിൽ ഇപ്പോൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നായിരുന്നു പ്രോഗ്രാംസ് മേദാവി ഡിഡിയർ എവ്റാഡിന്റെ നിലപാട്.

കൂടാതെ ‘എ 350 — 900’ വകഭേദത്തിന്റെ വികസനത്തിൽ കാര്യമായിട്ടൊന്നും അവശേഷിക്കുന്നില്ലെന്നും ബ്രജിയർ വിശദീകരിച്ചു. ഇതോടൊപ്പം ഒരു വർഷത്തിനുള്ളിൽ വലിപ്പമേറിയ വകഭേദമായ ‘എ 350 — 1000’ നിർമിച്ചു കൈമാറാനാവുമെന്നും എയർബസ് കരുതുന്നു. പരീക്ഷണപ്പറക്കലുകൾ മുൻനിശ്ചയിച്ച പോലെ പുരോഗമിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷം രണ്ടാം പകുതിയിൽ ‘എ 350 — 1000’ കൈമാറുക സാധ്യമാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. ‘എ 350 —900’ വിമാനത്തിന്റെ പരീക്ഷണ പറക്കൽ പൂർത്തിയായത് പതിനാലര മാസം കൊണ്ടാണ്; എന്നാൽ ‘എ 350 — 1000’ പരീക്ഷണ പറക്കൽ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് എയർബസ് ലക്ഷ്യമിടുന്നത്.  

Your Rating: