‘റോ‍ഡിലെ അച്ചടക്കം സ്വയം തോന്നേണ്ടത്’

Aparna Gopinath

ചെറിയ പ്രായത്തിൽ ഓരോരുത്തർക്കും ഒരോ ത്രില്ലുകളുണ്ടാകും. ആ പ്രായം കഴിഞ്ഞാൽ അതു മാറും. ത്രില്ലിന്റെ സമയത്തു നമ്മൾ ബാക്കിയുള്ളവരെക്കുറിച്ചു ചിന്തിക്കാറില്ല. ബൈക്ക് റൈഡിങ് ഏറെ ആസ്വദിക്കുന്ന വ്യക്തിയാണു താനെന്ന് ചലചിത്രനടി അപർണ ഗോപിനാഥ് . ബൈക്ക് ഓടിക്കുന്ന സുഖം മറ്റൊരു വാഹനത്തിനും നൽകാനാവില്ല. വളരെ ചെറുപ്പത്തിൽത്തന്നെ ബൈക്കോടിക്കാൻ പഠിച്ചു. ചെറിയ അപകടത്തിൽപ്പെട്ടതോടെ ഏറെ ശ്രദ്ധിച്ചാണു ബൈക്കോടിച്ചിരുന്നത്.

കുട്ടികൾ അമിത വേഗത്തിൽ ബൈക്കോടിക്കുന്നതിനു സൂപ്പർബൈക്കുകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സൂപ്പർബൈക്കായാലും സാധാരണ ബൈക്കായാലും ആ പ്രായത്തിലുള്ള കുട്ടികൾ വാഹനങ്ങൾ റേസിന് ഉപയോഗിക്കാൻ സാധ്യതയുണ്ട്. അമിത വേഗത്തിന്റെ ദുരന്തഫലങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനു നമ്മൾക്കു പരിമിതിയുണ്ട്. അച്ചടക്കം ആരിലും നിർബന്ധിച്ചുണ്ടാക്കാൻ കഴിയുന്നതല്ല. അത് ഉള്ളിൽ നിന്നു സ്വയം തോന്നേണ്ടതാണ്. എന്നാൽ, മാത്രമേ മാറ്റമുണ്ടാകൂ.

ഞാൻ ഇപ്പോഴും ടുവീലർ ഓടിക്കാറുണ്ട്. അതു തരുന്ന സന്തോഷം വേറെ തന്നെയാണ്. ഞാനെപ്പോഴും ഹെൽമറ്റ് കയ്യിൽ കരുതുന്നയാളാണ്. എൻജോയ്മെന്റിനു വേണ്ടിയാണു റൈഡിനു പോകുന്നത്. അല്ലാതെ റേസിങ്ങിനു വേണ്ടിയല്ല. അപകടങ്ങൾ നോക്കിയാൽ റേസിന്റെ ഭാഗമാകാത്തവരാണു പലപ്പോഴും തിക്തഫലങ്ങൾ അനുഭവിക്കുന്നത്. കുടുംബവും ഉത്തരവാദിത്തങ്ങളുമായി റോഡിലൂടെ പോകുന്നവരാണ് ഇരകളാകുന്നത്. അവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കണം. ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങളെ സമീപിക്കാൻ തയാറാകണം. എന്നാൽ, മാത്രമേ അമിത വേഗം കൊണ്ടുള്ള അപകടം കുറയ്ക്കാൻ കഴിയൂ.