അശോക് ലേയ്‌ലൻഡ് ബസ്സുകൾ ബുർകിനൊഫാസോയിലേക്കും

ആഫ്രിക്കൻ രാജ്യമായ ബുർകിനൊഫാസോയ്ക്ക് 135 ബസ് വിൽക്കാൻ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ് ഒരുങ്ങുന്നു. 70.35 കോടി രൂപ മൂല്യമുള്ള വ്യാപാര ഇടപാടാണിതെന്നു കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇകോവാസ് ബാങ്ക് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് മുഖേന എക്സിം ബാങ്ക് നൽകുന്ന ലൈൻ ഓഫ് ക്രെഡിറ്റ് വഴി അശോക് ലേയ്‌ലൻഡ് വെസ്റ്റ് ആഫ്രിക്കയാണു ബുർകിനൊഫാസോയ്ക്ക് ബസ് വിൽക്കാനുള്ള കരാർ നേടിയത്.

ആ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയത്തിന് അടുത്ത 180 ദിവസത്തിനുള്ളിൽ ബസ് നിർമിച്ചു നൽകാനാണ് അശോക് ലേയ്ലൻഡ് ഒരുങ്ങുന്നത്. ബസ് വിൽക്കുന്നതിനൊപ്പം സ്പെയർ പാർട്സ്, ജീവനക്കാരുടെ പരിശീലനം, കാര്യക്ഷമമായ വിൽപ്പനാന്തര സേവനം തുടങ്ങിയവയും കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.‌ വിദേശ വിപണിയിൽ ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാൻ അടുത്ത കാലത്തായി ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‌ലൻഡിനു സാധിച്ചട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പാണു കമ്പനി ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ പുതിയ അസംബ്ലി പ്ലാന്റ് തുറന്നത്.

ബംഗ്ലദേശിലെ ഐ എഫ് എ ഡി ഓട്ടോസ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ ധാക്കയിൽ 37 എക്കർ സ്ഥലത്തു സ്ഥാപിച്ച പ്ലാന്റിന്റെ നിർമാണം 15 മാസം കൊണ്ടാണ് അശോക് ലേയ്ലൻഡ് പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി പ്രവർത്തനക്ഷമമായ ധാക്ക ശാലയിൽ മാസം തോറും 600— 800 വാഹനം ഉൽപ്പാദിപ്പിക്കാനാണ് അശോക് ലേയ്‌ലൻഡ് ലക്ഷ്യമിടുന്നത്. കൂടാതെ രണ്ടു വർഷത്തിനകം ശാലയിൽ ബോഡി ബിൽഡിങ്, വെഹിക്കിൾ ടെസ്റ്റിങ് സൗകര്യങ്ങൾ ലഭ്യമാക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.