അശോക് ലേയ്‌ലൻഡ് പന്ത് നഗർ ശാലയ്ക്ക് ഡെമിങ് പ്രൈസ്

ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിന്റെ പന്ത് നഗർ ശാലയ്ക്ക് 2016ലെ ഡെമിങ് പ്രൈസ്. ഈ ബഹുമതി നേടുന്ന ആദ്യ ട്രക്ക് — ബസ് നിർമാണശാലയാണ് അശോക് ലേയ്‌ലൻഡിന്റേത്; കൂടാതെ ജപ്പാനു പുറത്ത് ഈ ബഹുമതിക്ക് അർഹരാവുന്ന ആദ്യ വാണിജ്യ വാഹന നിർമാതാക്കളുമാണ് അശോക് ലേയ്‌ലൻഡ്. കമ്പനി പ്രവർത്തനത്തിൽ സമഗ്ര ഗുണനിലാവര മാനേജ്മെന്റ്(ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് അഥവാ ടി ക്യു എം) നടപ്പാക്കുന്നവർക്കുള്ള ബഹുമതിയാണ് ഡെമിങ് പ്രൈസ്.

നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ, അത്യാധുനിക നിലവാരമുള്ള ട്രക്കുകളും ബസ്സുകളും നിർമിക്കാൻ സജ്ജമായ സമഗ്ര ശാലയാണു പന്ത്നഗറിലേതെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. സുസ്ഥിര ഗുണനിലവാരവും സാങ്കേതിക വിദ്യയും നവീരകരണവും മികച്ച നടപടികളുമെല്ലാം ചേർന്നാണു കമ്പനിക്ക് ഈ രാജ്യാന്തര നിലവാരം നേടിത്തന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആഗോള വാണിജ്യ വാഹന വിപണിയിൽ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള കുതിപ്പിൽ നിർണായക സംഭാവനയാണു പന്ത്നഗർ ശാല നൽകിയതെന്ന് അശോക് ലേയ്‌ലൻഡ് സീനിയർ വൈസ് പ്രസിഡന്റ്(ക്വാളിറ്റി, സോഴ്സിങ് ആൻഡ് സപ്ലൈ ചെയിൻ) ആർ ശിവനേശൻ അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യയിലും ഗുണമേന്മയിലും നടത്തിയ വമ്പൻ നിക്ഷേപങ്ങളും യുവാക്കളായ ജീവനക്കാരുമൊക്കെയാണു ശാലയുടെ കൈമുതൽ. അശോക് ലേയ്‌ലൻഡ് ശാലകളിൽ ഏറ്റവും പുതിയതെന്ന നിലയിൽ ഡെമിങ് പ്രൈസ് നേടാനായത് പന്ത് നഗറിനെ സംബന്ധിച്ചിടത്തോളം ഉജ്വല നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ജാപ്പനീസ് യൂണിയൻ ഓഫ് സയന്റിസ്റ്റ്സ് ആൻഡ് എൻജിനീയേഴ്സി(ജി യു എസ് ഇ)ന്റെ നേതൃത്വത്തിലാണ് 1951ൽ ഡെമിങ് പ്രൈസ് ഏർപ്പെടുത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉന്നത ഗുണനിലവാരം കൈവരിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾക്കു മികച്ച സംഭാവ നൽകിയ ഡബ്ല്യു എഡ്വേർഡ്സ് ഡെമിങ്ങിനെ ആദരിക്കാനാണ് ഈ പുരസ്കാരം.