ഉൽപ്പാദനത്തിൽ 80 ലക്ഷമെന്ന നേട്ടം പിന്നിട്ട് ഔഡി

Representative Image

ഫോക്സ‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ ബ്രാൻഡായ ഔഡിയുടെ മൊത്തം ഉൽപ്പാദനം 80 ലക്ഷം യൂണിറ്റിലെത്തി. മെക്സിക്കോയിലെ സാൻജോസ് ചിയാപ്പയിലെ പുതിയ ശാലയിൽ നിന്നു പുറത്തെത്തിയ ‘ക്യൂ ഫൈവി’ലൂടെയാണ് ഔഡി ഈ നാഴികക്കല്ല് പിന്നിട്ടത്. മൂന്നര പതിറ്റാണ്ടിലേറെ മുമ്പ് അവതരിപ്പിച്ച ‘ക്വാട്രോ’ സാങ്കേതികവിദ്യയുടെ പിൻബലമുള്ള, ഗാണെറ്റ് റെഡ് നിറത്തിലുള്ള ‘ഔഡി ക്യു ഫൈവ് 2.0 ടി എഫ് എസ് ഐ’യാണ് ഔഡി മെക്സിക്കൽ ശാലയിൽ നിന്നു പുറത്തിറക്കിയത്. നിലവിൽ നൂറോളം വകഭേദങ്ങളിലാണു ‘ക്വാട്രോ’ ഓൾ വീൽ ഡ്രൈവ് സംവിധാനം ലഭ്യമാവുന്നത്. ‘ക്യൂ സെവൻ’, ‘എ ഫോർ ഓൾ റോഡ് ക്വാട്രോ’, ‘എ സിക്സ് ഓൾ റോഡ് ക്വാട്രോ’, ‘എ എയ്റ്റ്’, ‘ആർ എയ്റ്റ്’, എല്ലാ ‘എസ്’, ‘ആർ എസ്’ മോഡലുകൾ എന്നിവയിൽ ‘ക്വാട്രോ’ സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ഇടംപിടിക്കുന്നു; മറ്റു മോഡലുകളാവട്ടെ ഓപ്ഷനൽ വ്യവസ്ഥയിൽ ‘ക്വാട്രോ’ സംവിധാനത്തോടെ ലഭ്യമാവും.

ആഗോളതലത്തിലും ഓൾ വീൽ ഡ്രൈവ് ‘ക്വാട്രോ’യ്ക്കു പ്രിയമേറുന്നുണ്ടെന്നാണ് ഔഡിയുടെ അവകാശവാദം; 2015ൽ കമ്പനി വിറ്റ വാഹനങ്ങളിൽ 44 ശതമാനവും ‘ക്വാട്രോ’ സംവിധാനമുള്ളവയായിരുന്നു. 2.62 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയുമായി ‘ക്യു ഫൈവ് ക്വാട്രോ’യായിരുന്നു മുന്നിൽ. യു എസ്, കാനഡ, റഷ്യ, ഗൾഫ് മേഖല തുടങ്ങിയ വിപണികളിൽ ‘ക്വാട്രോ’യ്ക്ക് ആവശ്യക്കാരേറെയായിരുന്നു; ജന്മനാടായ ജർനിയിലാവട്ടെ 1.22 ലക്ഷം ‘ക്വാട്രോ’ മോഡലുകളാണു കമ്പനി വിറ്റത്. ഓരോ മോഡലിനും അനുയോജ്യമായ വിധത്തിൽ ‘ക്വാട്രോ’ ഡ്രൈവിനെ ക്രമീകരിക്കാനും ഔഡി ശ്രമിച്ചിട്ടുണ്ട്.

തിരശ്ചീനമായി ഘടിപ്പിച്ച എൻജിനുള്ള കോംപാക്ട് മോഡൽ ശ്രേണിയിൽ പിൻ ആക്സിലിലാണ് ഇലക്ട്രോണിക് രീതിയിൽ നിയന്ത്രിക്കപ്പെടുന്ന ഹൈഡ്രോളിക് മൾട്ടി പ്ലേറ്റ് ക്ലച്ചിന്റെ സ്ഥാനം. മധ്യഭാഗത്ത് എൻജിനുള്ള ‘ആർ എയ്റ്റ്’ സ്പോർട്സ് കാറിലാവട്ടെ മൾട്ടിപ്ലേറ്റ് ക്ലച് മുൻ ആക്സിലിലാണ്. ഡ്രൈവിങ് സാഹചര്യം തിരിച്ചറിഞ്ഞ് ഈ സക്രിയ സംവിധാനം ഇരു ആക്സിലുകളിലേക്കും വ്യത്യസ്ത രീതിയിൽ ടോർക് കൈമാറുമെന്ന് ഔഡി അവകാശപ്പെടുന്നു. അൾട്രാ ടെക്നോളജി സഹിതമുള്ള ‘ക്വാട്രോ’ ഡ്രൈവ് ആണ് ഈ മേഖലയിലെ പുതുമയെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഔഡിക്കു പുറമെ ഡ്യുകാറ്റി, ലംബോർഗ്നി ബ്രാൻഡുകൾ കൂടി ഉൾപ്പെടുന്ന ഔഡി ഗ്രൂപ്പിന് ആഗോളതലത്തിൽ നൂറോളം വിപണികളിൽ സാന്നിധ്യമുണ്ട്. 12 രാജ്യങ്ങളിലായി 16 നിർമാണശാലകളും ഗ്രൂപ്പിനുണ്ട്.