Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്രവാഹനങ്ങൾക്ക് ഓട്ടമാറ്റിക് ഹെഡ്​ലാംപ് ഓൺ നിർബന്ധമാക്കുന്നു

Auto Headlamps

രാജ്യത്തു റോഡപകടങ്ങൾ കുറയ്ക്കാനായി ഇരുചക്രവാഹനങ്ങളിലടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടി. കാറിലെ ഡേ ടൈം റണ്ണിങ് ലാംപി(ഡി ആർ എൽ)നു സമാനമായി 2017 ഏപ്രിൽ മുതൽ ബൈക്കുകളിലും സ്കൂട്ടറുകളിലും ഓട്ടമാറ്റിക് ഹെഡ്​ലാംപ് ഓൺ(എ എച്ച് ഒ) സംവിധാനം ഏർപ്പെടുത്താനാണു പദ്ധതി. അപകടം നടന്നാലുടൻ ആ സ്ഥലത്തെക്കുറിച്ചു ശബ്ദ സൂചനയിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം നടപ്പാക്കാനും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട്.

എൻജിൻ പ്രവർത്തിച്ചു തുടങ്ങുന്നതു മുതൽ ഹെഡ്​ലൈറ്റും പ്രകാശിക്കുന്ന സംവിധാനമാണ് എ എച്ച് ഒ. ഇതോടെ ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ഹെഡ്​ലൈറ്റ് പ്രകാശിപ്പിക്കുകയോ അണയ്ക്കുകയോ ചെയ്യാനുള്ള സ്വിച്ച് തന്നെ ഇല്ലാതാവും. വാഹനങ്ങളുടെ കൂട്ടിയിടി തടയുമെന്നു പ്രതീക്ഷിക്കുന്ന ഈ സംവിധാനം ബൈക്ക് നിർമാതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് റോഡ് ഗതാഗത മന്ത്രാലയം നടപ്പാക്കുന്നത്.

വാഹനങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന സമിതിയുടെ അംഗീകാരം ലഭിച്ചതോടെ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) എ എച്ച് ഒയെപ്പറ്റി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരിക്കു മുന്നിൽ വിശദ അവതരണം നടത്തിയിരുന്നു. ലോക വ്യാപകമായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട കൂട്ടിയിടി തടയുന്നതിൽ എ എച്ച് ഒ ഫലപ്രദമായ പങ്കുവഹിച്ചതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്; യൂറോപ്യൻ രാജ്യങ്ങളിൽ 2003ൽ തന്നെ എ എച്ച് ഒ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയ്ക്കായി സുപ്രീം കോടതി നിയോഗിച്ച സമിതിയും എ എച്ച് ഒ നടപ്പാക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് ഏറ്റവുമധികം ജീവഹാനി സംഭവിക്കുന്നത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിലാണ്. കഴിഞ്ഞ വർഷം ഇരുചക്രവാഹന അപകടങ്ങളിൽ 32,524 പേരാണു കൊല്ലപ്പെട്ടത്; 1,27,452 പേർക്കു പരുക്കുമേറ്റു. പകൽ സമയത്ത്, പ്രത്യേകിച്ച് പുലർച്ചെയും സന്ധ്യാസമയത്തും ഇരുചക്രവാഹനങ്ങളുടെ സാന്നിധ്യം വേഗം തിരിച്ചറിയാൻ എ എച്ച് ഒ സഹായിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പോരെങ്കിൽ ഹെഡ്​ലൈറ്റിന്റെ നിറവും പ്രകാശതീവ്രതയുമൊക്കെ വർധിപ്പിച്ച് എ എച്ച് ഒ കൂടുതൽ കാര്യക്ഷമമാക്കാനുമാവും.

ഇതിനു പുറമെയാണ് അപകടവേളയിൽ സത്വര സഹായം ലഭ്യമാക്കാനുള്ള നടപടി കൂടി സ്വീകരിക്കാനുള്ള തീരുമാനം. വാഹനം അപകടത്തിൽപെട്ട വിവരം സമീപമുള്ളവരെയും ട്രാഫിക് പൊലീസിനെയും അറിയിക്കുന്ന ശബ്ദസൂചനകളാണു പരിഗണനയിലുള്ളത്. വിദൂര സ്ഥലങ്ങളിലും ചെറിയ വഴികളിലും വാഹനം അപകടത്തിൽപെട്ട് ഉള്ളിൽ കുടുങ്ങുന്നവരെ തേടി രക്ഷാപ്രവർത്തകർ എത്താൻ വൈകുന്നതു തടയുകയാണു ലക്ഷ്യം.

വിദേശ രാജ്യങ്ങളിൽ ഹോൺ മുഴക്കിയാണ് വാഹനം അപകടത്തിൽപെട്ട വിവരം മറ്റുള്ളവരെ അറിയിക്കുന്നത്. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഹോൺ മുഴക്കുന്ന ഇന്ത്യയിൽ ഈ രീതി ഫലപ്രദമാവില്ലെന്നു വ്യക്തമാണ്. അതിനാൽ വേറിട്ട തരത്തിലുള്ള ശബ്ദ സൂചനയ്ക്കായാണ് ഇപ്പോഴത്തെ അന്വേഷണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.