എൻജിൻ മാറ്റത്തിനൊരുങ്ങി ബജാജ് ‘അവഞ്ചർ’

മോഡൽ ശ്രേണിയിലെ ഏക ക്രൂസർ ബൈക്കായ ‘അവഞ്ചറി’ന്റെ മൂന്നു വകഭേദങ്ങൾ ബജാജ് ഓട്ടോ ലിമിറ്റഡ് ഉടൻ പുറത്തിറക്കും. ‘പൾസർ എൻ എസ് 200’ ബൈക്കിനു കരുത്തേകുന്ന എൻജനുമായാവും പുതിയ ‘അവഞ്ചറി’ന്റെ വരവ്. പരമാവധി 23.5 പി എസ് കരുത്തും 18.3 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിന്റെ ക്രൂസിങ് ശേഷി മെച്ചപ്പെടുത്തിയാവും ബജാജ് ‘അവഞ്ചറി’ൽ ഘടിപ്പിക്കുകയെന്നാണു സൂചന.

വിപണിക്കു സ്വീകാര്യമായതിനാൽ ‘അവഞ്ചറി’ന്റെ കാഴ്ചയിൽ കാര്യമായ മാറ്റമൊന്നുമുണ്ടാവാൻ സാധ്യതയില്ല. പോരെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്കു രാജ്യത്ത് ലഭ്യമാവുന്ന ഏക ക്രൂസറുമാണു ബജാജിന്റെ ‘അവഞ്ചർ’. ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും പിന്നിൽ ഡിസ്ക് ബ്രേക്കുമുള്ള വകഭേദവും ‘അവഞ്ചറി’ൽ നിന്നു പ്രതീക്ഷിക്കാമെന്നാണു സൂചന. പുതുമകളുടെ പിൻബലത്തിൽ ‘അവഞ്ചറി’ന്റെ പ്രതിമാസ വിൽപ്പന ഇപ്പോഴത്തെ 4,000 യൂണിറ്റിൽ നിന്ന് 20,000 യൂണിറ്റായി ഉയർത്താനാവുമെന്നും ബജാജ് ഓട്ടോ സ്വപ്നം കാണുന്നുണ്ട്.

പത്തു വർഷം മുമ്പ് 2005ലാണു ബജാജ് ‘അവഞ്ചർ’ അവതരിപ്പിച്ചത്; തുടർന്ന് ഇതുവരെ ബൈക്കിൽ കമ്പനി കാര്യമായ പൊളിച്ചെഴുത്ത് നടത്തിയിട്ടുമില്ല. എന്നാൽ ഇക്കാലത്തിനിടെ ബൈക്കിന്റെ എൻജിൻ ശേഷിയിൽ ബജാജ് ഗണ്യമായ വർധന വരുത്തി. തുടക്കത്തിൽ ബൈക്കിനു കരുത്തേകിയിരുന്നത് 180 സി സി എൻജിനാണ്. പിന്നീട് എൻജിന്റെ ശേഷി 200 സി സിയാക്കി. തുടർന്ന് ‘പൾസർ 220’ സ്പോർട്സ് ബൈക്കിൽ നിന്നു കടമെടുത്ത എൻജിനുമായി ‘2010 അവഞ്ചർ 220’ നിരത്തിലെത്തി. ഇപ്പോൾ ‘അവഞ്ചറി’ലുള്ള എൻജിന് പരമാവധി 19.03 പി എസ് കരുത്തും 17.5 എൻ എം കരുത്തും സൃഷ്ടിക്കാനാവും. യാത്രാസുഖത്തിന്റെയും പ്രകടനക്ഷമതയുടെയും സമന്വയമായ ‘അവഞ്ചറി’ന് 81,596 രൂപയാണു ഡൽഹിയിലെ ഷോറൂമിൽ വില.