ഇക്കൊല്ലം 10,000 ‘ക്യൂട്ട്’ കയറ്റുമതി ചെയ്യാൻ ബജാജ്

ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ലെങ്കിലും നടപ്പു സാമ്പത്തിക വർഷം ക്വാഡ്രിസൈക്കിളായ ‘ക്യൂട്ടി’ന്റെ കയറ്റുമതി 10,000 യൂണിറ്റിലെത്തിക്കുമെന്ന് നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. കഴിഞ്ഞ ഒക്ടോബറിൽ നിരത്തിലെത്തിയ ‘ക്യൂട്ടി’ന്റെ ഇതുവരെയുള്ള കയറ്റുമതി 334 എണ്ണമാണ്. തുർക്കി, ഇന്തൊനീഷ, പെറു തുടങ്ങി 19 വിദേശ വിപണികളിലേക്കാണ് 2015 — 16ൽ ‘ക്യൂട്ട്’ കയറ്റുമതി ചെയ്തതെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് (ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്) എസ് രവികുമാർ അറിയിച്ചു. വിദേശ വിപണികളിൽ മികച്ച സ്വീകരണം ലഭിച്ചതോടെ മഹാരാഷ്ട്രയിലെ വലൂജിലെ ശാലയിൽ ‘ക്യൂട്ട്’ ഉൽപ്പാദനം വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം തന്നെ അഞ്ഞൂറോളം യൂണിറ്റ് കയറ്റുമതി ചെയ്യുകയാണു ലക്ഷ്യം. ഈ രീതിയിൽ പുരോഗമിച്ചാൽ 2016 — 17 സാമ്പത്തിക വർഷം ‘ക്യൂട്ട്’ കയറ്റുമതി 10,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു ബജാജ് ഓട്ടോയുടെ പ്രതീക്ഷ.

മികച്ച സുരക്ഷ, പരിമിതമായ പരിസ്ഥിതി മലിനീകരണം, കിടയറ്റ ഇന്ധനക്ഷമത തുടങ്ങിയവയാണ് ‘ക്യൂട്ടി’നെ ആകർഷകമാക്കുന്നതെന്നു രവികുമാർ കരുതുന്നു. ഇതോടെ കാറിന്റെ വില താങ്ങാനാവാത്ത, ഇരുചക്ര — ത്രി ചക്ര വാഹന ഇടപാടുകാരാണു ‘ക്യൂട്ട്’ തേടിയെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, വിദേശത്തെ വിപണനം കരുത്താർജിക്കുമ്പോഴും ഇന്ത്യയിൽ ‘ക്യൂട്ട്’ വിൽക്കാനുള്ള അനുമതിക്കായി കമ്പനി കാത്തിരിക്കുകയാണെന്ന് രവികുമാർ വെളിപ്പെടുത്തി. പുതുതായി ബജാജ് ഓട്ടോ വികസിപ്പിച്ച 217 സി സി, വാട്ടർ കൂൾഡ്, ഡി ടി എസ് ഐ നാലു വാൽവ് പെട്രോൾ എൻജിനാണു ‘ക്യൂട്ടി’നു കരുത്തേകുന്നത്. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘ക്യൂട്ടി’നു ബജാജ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലീറ്ററിന് 36 കിലോമീറ്ററാണ്. ക്ലോസ്ഡ് ലൂപ് ഫ്യുവൽ ഇഞ്ചക്ഷന്റെയും ട്രിപ്പിൾ സ്പാർക് ഇഗ്നീഷന്റെയും പിൻബലമുള്ള എൻജിനൊപ്പം അഞ്ചു സ്പീഡ് ഗീയർ ബോക്സാണു ട്രാൻസ്മിഷൻ. യൂറോപ്യൻ ക്വാഡ്രിസൈക്കിൾ നിലവാരം പുലർത്തുന്ന ‘ക്യൂട്ടി’ന് നെതർലൻഡ്സിലെ ആർ ഡി ഡബ്ല്യുവിൽ നിന്നു യൂറോപ്യൻ ഹോൾ വെഹിക്കിൾ ടൈപ് അപ്രൂവൽ(ഡബ്ല്യു വി ടി എ) അംഗീകാരവും ലഭിച്ചിട്ടുണ്ട്. യൂറോ എൻ എ സി പിയുടെ സുരക്ഷാ വിലയിരുത്തലിൽ വൺ സ്റ്റാർ റേറ്റിങ് ആണു ‘ക്യൂട്ട്’ നേടിയത്.