കരുത്ത് കൂട്ടി ബലേനോ എത്തുന്നു

Maruti Suzuki Baleno

പ്രീമിയം ഹാച്ചുകളിൽ തരംഗം സൃഷ്ടിച്ചാണ് മാരുതിയുടെ ഹാച്ച്ബാക്ക് ബലേനോ പുറത്തിറങ്ങിയത്. കുറച്ചു ചുരുങ്ങിയ നാളുകൾകൊണ്ടു തന്നെ വിൽപ്പനയിൽ മുന്നിലെത്തിയ ബലേനോയുടെ 1.0 ലിറ്റർ ടർബോ ചാർജ്ഡ് എൻജിൻ പുറത്തിറങ്ങുന്നു എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ.

Maruti Suzuki Baleno

പോളോ ജിടി ടിഎസ്ഐ, പുന്തോ അബാർത്ത് തുടങ്ങിയ കാറുകളുമായി ഏറ്റുമുട്ടാൻ മാരുതി പുറത്തിറക്കുന്ന കാറിന്റെ പേര് ബുസ്റ്റർജെറ്റ് എന്നായിരിക്കുമെന്നാണ് കേൾക്കുന്നത്. വാഹനം ടെസ്റ്റ് റൺ ചെയ്യുന്നതിന്റെ രഹസ്യ ചിത്രങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ എൻജിൻ 110 ബിഎച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ മാരുതി ഇൗ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് നിലവിലെ ‘ബലേനൊ’ വിൽപ്പനയ്ക്കുള്ളത്; 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്‌ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.

Maruti Suzuki Baleno

ഇന്ത്യയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്‌വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന കാറിനു കൊച്ചി ഷോറൂമിൽ 6.40 ലക്ഷം രൂപ മുതലാണു വില. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർ ബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.