ഉത്സവകാലത്തിനു പകിട്ടേകാൻ ‘ബലേനൊ’ വരവായി

വരും ആഴ്ചകളിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയിൽ അനാവരണം ചെയ്തു. യൂറോപ്പിൽ അടുത്ത വേനൽക്കാലത്തോടെ മാത്രമാവും പുതിയ ‘ബലേനൊ’ വിപണിയിലെത്തുക; എന്നാൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ കാർ നവരാത്രി — ദീപാവലി ഉത്സവവേളയിൽ തന്നെ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. പ്രീമിയം ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാവും ‘ബലേനൊ’യുടെ വിൽപ്പനയെന്നും മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അറിയിച്ചു.

പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ തുടങ്ങിയവരെ നേരിടാൻ പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും ‘ബലേനൊ’യുടെ വരവ്; ഡീസൽ വിഭാഗത്തിൽ 1.3 ലീറ്റർ ഡി ഡി ഐ എസ് എൻജിനും പെട്രോളിൽ 1.2 ലീറ്റർ എൻജിനുമാവും ‘ബലേനൊ’യ്ക്കു കരുത്തേകുക. ഇന്ത്യയിൽ ‘ആപ്പിൾ കാർപ്ലേ’ സഹിതമാവും ‘ബലേനൊ’ വിൽപ്പനയ്ക്കെത്തുക; ഇതോടെ ‘ആപ്പിൾ കാർപ്ലേ’ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിർമാതാവുമാവുകയാണു മാരുതി സുസുക്കി. ഇന്ത്യയിൽ നിർമിക്കുന്ന കാർ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും സുസുക്കിക്കു പദ്ധതിയുണ്ട്.

മുമ്പ് വിപണിയിലുണ്ടായിരുന്ന പ്രീമിയം സെഡാന്റെ പേരാണു ‘ബലേനൊ’; എന്നാൽ പേരിലെ ഈ സാമ്യത്തിനപ്പുറം പഴയതും പുതിയതുമായ മോഡലുകൾക്കിടയിൽ താരതമ്യമില്ലെന്നു മാരുതി സുസുക്കി വ്യക്തമാക്കുന്നു. ‘എസ് എക്സ് ഫോറി’ന്റെ വരവോടെ ഇടത്തരം സെഡാനായിരുന്ന ‘ബലേനൊ’യെ 2006ൽ മാരുതി സുസുക്കി പിൻവലിച്ചിരുന്നു. ഇപ്പോഴാവട്ടെ ‘സിയാസു’മായാണ് മാരുതി സുസുക്കി പ്രീമിയം സെഡാൻ വിഭാഗത്തിൽ പടനയിക്കുന്നത്. മാർച്ചിൽ നടന്ന ജനീവ മോട്ടോർ ഷോയിൽ ‘ഐ കെ — ടു’ കൺസെപ്റ്റ് എന്ന നിലയിൽ പ്രദർശിപ്പിച്ച കാറാണ് ഇപ്പോൾ ‘ബലേനൊ’യായി വിപണിയിലെത്തുന്നത്.