വിൽപ്പനയിൽ എലൈറ്റ് ഐ 20 യെ കടത്തിവെട്ടി ബലേനോ

പ്രീമിയം സെഗ്‌മെന്റിലെ വിൽപ്പനയിൽ മാർക്കറ്റ് ലീ‍ഡറായ എലൈറ്റ് ഐ 20 യെ കടത്തി വെട്ടി മുന്നേറുകയാണ് മാരുതി ബലേനോ. നവംബര്‍ മാസം ഹ്യുണ്ടേയ് എലൈറ്റ് ഐ 20, 8264 യൂണിറ്റ് വിൽപ്പന നേടിയപ്പോൾ ബലേനോയുടെ 9074 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ആദ്യ പത്തുകാറുകളിൽ ബലേനോ സ്ഥാനം പിടിച്ചു. ഒക്ടോബറിലാണ് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ ബലേനോ വിപണിയിലെത്തിയത്.

1,060 കോടി രൂപ ചെലവിലാണു മാരുതി സുസുക്കി ‘ബലേനൊ’ വികസനവും നിർമാണവും പൂർത്തിയാക്കിയത്. അടുത്ത വർഷത്തോടെ ഹരിയാനയിലെ മനേസാറിൽ മാത്രം നിർമിക്കുന്ന ഈ കാർ യൂറോപ്പിലും ജപ്പാനിലും ദക്ഷിണ അമേരിക്കയിലുമൊക്കെയായി നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു ‘ബലേനൊ’ വിൽപ്പനയ്ക്കുള്ളത്; 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.

പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം. ഇന്ത്യയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്‌വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന കാറിനു ഡൽഹി ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു വില. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർ ബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.