ഡിസംബറിൽ കാർ വാങ്ങണോ ?

ഉപഭോക്താക്കളെ എന്നും കുടുക്കുന്ന ചോദ്യമാണ് ഡിസംബറിൽ വാങ്ങണോ അതോ ജനുവരിയിൽ വാങ്ങണോ എന്നത്. വാഹന നിർമ്മാതാക്കളെല്ലാം മികച്ച ഓഫർ നൽകുന്ന മാസമാണ് ഡിസംബർ. അതുകൊണ്ടു തന്നെ ഡിസംബർ മാസത്തിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ‌ ലഭിക്കും. ഒരു മാസത്തെ വ്യത്യാസം ഒരു വർഷം മാറ്റും.

നിലവിൽ ഇന്ത്യൻ വിപണിയിലുള്ള വാഹന നിർമ്മാതാക്കളിൽ ഭൂരിഭാഗവും തങ്ങളുടെ വാഹനങ്ങളുടെ വില ജനുവരിയിൽ കൂടും എന്ന് അറിയിച്ചു കഴിഞ്ഞു. 2-3 ശതമാനം വരെയുള്ള വർധനവുണ്ടാകുമെന്നാണ് പറയുന്നത്. അപ്പോൾ ഉപഭോക്താക്കൾക്ക് വീണ്ടും കൺഫ്യൂഷനാണ്. ജനുവരിയിൽ വില കൂടുന്നത് നോക്കി നിൽക്കണോ ഓഫറുകൾ കൂടുതലുള്ള ഡിസംബറിൽ വാഹനം മേടിക്കണോ?

ഡിസംബറോ അതോ ജനുവരിയോ?

ഈ വർഷത്തെ കാര്യം എടുത്താൽ 2015 ൽ നിർമ്മിച്ച വാഹനങ്ങളെല്ലാം ഈ വർഷം തന്നെ വിറ്റുതീർക്കാനെ വാഹന നിർമ്മാതാക്കള്‍ ശ്രമിക്കൂ. അതിനായി പരമാവധി ഓഫറുകൾ തങ്ങളുടെ വാഹനങ്ങൾക്ക് അവർ നൽകുകയും ചെയ്യും. ജനുവരിയിൽ വാഹനങ്ങൾക്ക് നിർമ്മാതാക്കൾ വില വർധിപ്പിക്കുകയും ചെയ്യും. ഡിസംബറിൽ വാഹനം വാങ്ങിയാലുള്ള പ്രധാന കുഴപ്പം റീസെയിൽ വാല്യുവാണ്. വർഷം അവസാനമാണ് വാങ്ങിയത് എന്നു കരുതി നിങ്ങളുടെ വാഹനത്തിന് 2016 ലെ വാഹനത്തിന്റെ വില കിട്ടില്ല. ഡിസംബർ 31 ന് വാങ്ങിയാലും യൂസിഡ് കാർ വിപണിയിൽ അവ 2015 വാഹനം തന്നെയാണ്.

എന്നാൽ 7-8 വർഷം വരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാഹനം വാങ്ങുന്നതെങ്കിൽ ഡിസംബറിൽ വാങ്ങിയാലും വലിയ നഷ്ടം വരാനില്ല. എന്നാൽ 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നിങ്ങൾക്ക് നഷ്ടങ്ങൾ ഉണ്ടാക്കും.