Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയറ്റ് ലോഗോ ഇനി രോഹിത് ശർമയുടെ ബാറ്റിലും

ceat-rohit-sharma

പ്രമുഖ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ബാറ്റിന്റെ സ്പോൺസർമാരായി പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് രംഗത്ത്. മൂന്നു വർഷത്തേക്കാണു രോഹിത് ശർമയും സിയറ്റുമായുള്ള ബാറ്റ് സ്പോൺസർഷിപ് കരാർ. ടെസ്റ്റ്, വൺഡേ, ട്വന്റി 20 തുടങ്ങി എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും സിയറ്റിന്റെ പരസ്യം പതിച്ച ബാറ്റുമായിട്ടാവും ഇനി മുതൽ വലങ്കയ്യൻ ബാറ്റ്സ്മാനായ രോഹിത് ശർമ ക്രീസിലെത്തുക. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പര മുതൽ തന്നെ സിയറ്റ് ചിഹ്നം പതിച്ച ബാറ്റാവും ശർമ ഉപയോഗിക്കുക.

സിയറ്റിന്റെ കുടുംബാഗമാവുന്ന അടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരമായി രോഹിത് ശർമയെ പ്രഖ്യാപിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് സിയറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അനന്ത് ഗോയങ്ക വെളിപ്പെടുത്തി. അസാമാന്യ പ്രതിഭയുള്ള ബാറ്റ്സ്മാൻ മാത്രമല്ല, യുവതലമുറയെ പ്രചോദിപ്പിക്കുന്ന മികച്ച നായകനുമാണു രോഹിതെന്ന് അദ്ദേഹം അഭിപ്രായപ്പട്ടു. ആവേശകരമായ പങ്കാളിത്തത്തിനാണു തുടക്കമാവുന്നതെന്നായിരുന്നു സിയറ്റുമായുള്ള ബന്ധത്തെപ്പറ്റി രോഹിത് ശർമയുടെ പ്രതികരണം. ഇന്ത്യയിലെ ക്രിക്കറ്റിന് ഏറെ പ്രോത്സാഹനം നൽകിയിട്ടുള്ള സിയറ്റുമായുള്ള ബന്ധം അഭിമാനകരമാണെന്നും ശർമ അഭിപ്രായപ്പെട്ടു. സിയറ്റുമൊത്ത് സുദീർഘമായ ഇന്നിങ്സ് സാധ്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രാൻഡെന്ന നിലയിൽ ക്രിക്കറ്റുമായി എപ്പോഴും ബന്ധം പുലർത്താൻ ശ്രമിച്ചിട്ടുള്ള കമ്പനിയാണു സിയറ്റ്. ശർമയ്ക്കു പുറമെ ഇന്ത്യൻ ടീമിലെ ഇടങ്കയ്യൻ ബാറ്റ്സ്മാനായ സുരേഷ് റെയ്നയുമായും സിയറ്റ് അടുത്തയിടെ ബാറ്റ് സ്പോൺസർഷിപ് കരാർ ഒപ്പുവച്ചിരുന്നു. ശർമയെ പോലെ അടുത്ത മൂന്നു വർഷത്തേക്കാണു റെയ്നയും സിയറ്റുമായുള്ള കരാർ. ടെസ്റ്റ്, വൺഡേ, ട്വന്റി 20 തുടങ്ങി എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും സിയറ്റിന്റെ പരസ്യം പതിച്ച ബാറ്റുമായിട്ടാണ് ഇപ്പോൾ സുരേഷ് റെയ്ന ക്രീസിലെത്തുന്നത്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 മത്സരങ്ങളിലെല്ലാം സെഞ്ചുറി സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണു രോഹിത് ശർമ (28); സിയറ്റിന്റെ ഒപ്പമുള്ള സുരേഷ് റെയ്നയാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ. പോരെങ്കിൽ ഏകദിന മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള ഏക താരവും രോഹിത് ശർമ തന്നെ. 2014 നവംബർ 13ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്ക്കെതിരെ ശർമ നേടിയ 264 റൺസിനാണ് ഏകദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോഡ്.

താരങ്ങളുമായുള്ള സഖ്യത്തിനു പുറമെ ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ പി എൽ) മത്സരങ്ങൾക്കിടയിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ സ്പോൺസർഷിപ്പും ഈ വർഷം ആദ്യം ആർ പി ജി ഗ്രൂപ്പിൽപെട്ട സിയറ്റ് ടയേഴ്സ് സ്വന്തമാക്കിയിരുന്നു. പ്രതിവർഷം 12 — 15 കോടി രൂപ മുടക്കിയാണു സിയറ്റ് ടയേഴ്സ് ഐ പി എല്ലിന്റെ എട്ടു മുതൽ 10 വരെയുള്ള സീസണുകളിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ സ്പോൺസർഷിപ് നേടിയത്. സിയറ്റും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബി സി സിഐ)യുമായുള്ള ഇടപാടിനു മധ്യസ്ഥത വഹിച്ചത് സുനിൽ ഗാവസ്കറുടെയും സാം ബൽസാരയുടെ മാഡിസൻ വേൾഡിന്റെയും ഉടമസ്ഥതയിലുള്ള പ്രഫഷനൽ മാനേജ്മെന്റാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള നാലു സ്ട്രാറ്റജിക് ടൈം ഔട്ടുകളാണ് ഓരോ ഐ പി എൽ മത്സരത്തിനിടയിലുമുള്ളത്.

ഐ പി എല്ലിൽ മത്സരിക്കുന്ന ടീമുകൾക്ക് അവകാശപ്പെട്ട സെൻട്രൽ റവന്യൂ പൂളിലേക്കാണ് ഈ സമയത്തെ പരസ്യവരുമാനം വന്നുചേരുക. നേരത്തെ മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ മാക്സായിരുന്ന ഐ പി എല്ലിന്റെ സ്ട്രാറ്റജിക് ടൈം ഔട്ട് പാർട്ണർ. 2010 മുതൽ മൂന്നു സീസണിലേക്കായിരുന്നു കരാർ എങ്കിലും 2011ലെ മത്സരം കഴിഞ്ഞതോടെ കമ്പനി സ്പോൺസർഷിപ്പിൽ നിന്നു പിൻവാങ്ങുകയായിരുന്നു. മൂന്നു വർഷത്തേക്ക് 60 കോടി രൂപ വാഗ്ദാനം ചെയ്താണു മാക്സ് സ്ട്രാറ്റജിക് ടൈം ഔട്ട് പാർട്ണറായത്. എന്നാൽ രണ്ടു സീസണിലേക്ക് 25 — 30 കോടി രൂപ ചെലവാക്കിയ ശേഷം കമ്പനി ഈ പദവി കൈവിട്ടു. ഇതോടെ സ്ട്രാറ്റജിക് ടൈം ഔട്ടിനു സ്പോൺസർമാരില്ലാതെയാണ് ആറാമത്തെയും ഏഴാമത്തെയും സീസണുകളിൽ ഐ പി എൽ മത്സരം അറങ്ങേറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.