ഡാറ്റ്സൻ 'റെഡിഗോ' പുറത്തിറങ്ങി

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ 'റെഡിഗോ' പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിലണ് റെഡിഗോ അവതരിപ്പിച്ചത്. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്.

മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, .8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാൻ സാധിക്കുമെന്നത് റെഡിഗോയുടെ വലിയ നേട്ടമാണ്.

ജൂൺ ഒന്നിനു നിരത്തിലിറങ്ങുന്ന വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം. റെഡിഗോയുടെ ആൻഡ്രോയ്ഡ് ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഐഫോൺ ആപ്പ് ഉടൻ പുറത്തിറക്കും. 2020 ഓടെ ഇന്ത്യയിൽ 5 ശതമാനം വിപണി വിഹിതമാണ് ഡാറ്റ്സൻ പ്രതീക്ഷിക്കുന്നത്.

‘ഐ ടു’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ. നിലവിൽ ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ മോഡലുകളാണു ഡാറ്റ്സൻ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡിഗൊ’യും പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ‘ക്വിഡി’നു പുറമെ മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാകും ‘റെഡിഗോ’യുടെ പോരാട്ടം.

അവതരണത്തിനൊരുങ്ങിയപ്പോഴും നിസ്സാൻ ഓട്ടോ എക്സ്പോയിൽ ‘റെഡിഗോ’ പ്രദർശിപ്പിച്ചിരുന്നില്ല; പകരം ‘റെഡിഗോ’ അടിസ്ഥാനമാക്കുന്ന ക്രോസ് ഓവറായ ‘ഗോ ക്രോസ്’ ആയിരുന്നു നിസ്സാന്റെ പവിലിയനിലുണ്ടായിരുന്നത്. ‘ക്വിഡി’നെ അപേക്ഷിച്ചു സൗകര്യങ്ങളും സംവിധാനങ്ങളും കുറവാണെന്ന വിലയിരുത്തിയാണു നിസ്സാൻ ‘റെഡിഗോ’യെ ഓട്ടോ എക്സ്പോയിൽ നിന്നു പിൻവലിച്ചതെന്നായിരുന്നു അഭ്യൂഹം.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം 2014ലാണു നിസ്സാൻ ബജറ്റ് ബ്രാൻഡായി ഡാറ്റ്സനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ‘ഗോ’യുമായി വിപണിയിലെത്തിയ ഡാറ്റ്സനു പക്ഷേ വിൽപ്പന കണക്കെടുപ്പിൽ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാനായില്ല. നടപ്പു സാമ്പത്തിക വർഷമാവട്ടെ ജനുവരി വരെയുള്ള കണക്കനുസരിച്ച് 7,156 യൂണിറ്റായിരുന്നു ഡാറ്റ്സന്റെ വിൽപ്പന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലത്തെ 11,600 കാറുകൾ വിറ്റ സ്ഥാനത്താണിത്. 2015 ജനുവരിയിൽ അവതരിപ്പിച്ച ‘ഗോ പ്ലസി’ന്റെ ഏപ്രിൽ — ജനുവരി കാലത്തെ വിൽപ്പന 8,627 യൂണിറ്റായിരുന്നു.