പി വി സിന്ധുവിന് സമ്മാനമായി റെഡി ഗോ സ്പോർട്

റിയോ ഒളിംപിക്സ് ബാഡ്മിന്റനിലെ വെള്ളി മെഡൽത്തിളക്കം പി.വി.സിന്ധുവിന് സമ്മാനമായി ഡാറ്റ്സൻ റെഡിഗോ സ്പോർട് എഡിഷൻ. നിസ്സാൻ ഇന്ത്യയാണ് തങ്ങളുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സണിന്റെ ചെറുകാർ സിന്ധുവിന് സമ്മാനമായി നൽകിയത്. വിജയ്‌വാ‍ഡയിൽ നടന്ന ചടങ്ങിൽ നിസ്സാൻ ഇന്ത്യ, ആഫ്റ്റർ സെയിൽസ് വൈസ് പ്രസിഡന്റ് സ‍‍ഞ്ജീവ് അഗർവാൾ താരത്തിന് കാർ സമ്മാനിച്ചു. കഴിഞ്ഞ ദിവസം റിയോ ഒളിംപിക്സ് വനിതാ ഗുസ്തിയിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിന് നിസ്സാൻ, റെ‍ഡിഗോ സ്പോർട് എഡിഷൻ സമ്മാനിച്ചിരുന്നു.

കഴിഞ്ഞ ജൂണിൽ വിപണിയിലെത്തിയ റെഡിഗോയുടെ പരിമിത കാല പതിപ്പാണ് റെഡിഗൊ സ്പോർട് എഡിഷൻ. 799 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘റെഡിഗൊ’യുടെ അടിസ്ഥാന മോഡലിൽ തന്നെ രണ്ട് ഡേടൈം റണ്ണിങ് ലാംപ്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയോടെ ടു ഡിൻ ഓഡിയോ സംവിധാനം, ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് എന്നിവയൊക്കെ ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്.

നേരത്തെ സിന്ധുവിന് ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വർ നാഥ് ബിഎം‍ഡബ്ല്യുവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര, ഥാറും സമ്മാനിച്ചിരുന്നു. വനിതാ ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ തോറ്റെങ്കിലും സിന്ധു വെള്ളി നേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കരോലിന മരിനോടു പരാജയപ്പെട്ട സിന്ധു, ഒളിംപിക്സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്.