ഇന്ത്യയിൽ ‘കാംറി ഹൈബ്രിഡി’നു പ്രിയമേറുന്നെന്നു ടൊയോട്ട

പ്രീമിയം സെഡാനായ ‘കാംറി’യുടെ ഇന്ത്യയിലെ വിൽപ്പനയിൽ 90 ശതമാനത്തോളം സങ്കര ഇന്ധന വകഭേദമാണെന്ന് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). കടന്നു പോയ വർഷങ്ങൾക്കിടയിൽ ‘കാംറി ഹൈബ്രിഡ്’ വിൽപ്പനയിൽ ക്രമാനുഗത വളർച്ച കൈവരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. 2013ൽ ‘കാംറി’ വിൽപ്പനയിൽ സങ്കര ഇന്ധന വകഭേദത്തിന്റെ വിഹിതം 15% മാത്രമായിരുന്നു; എന്നാൽ 2014ൽ വിഹിതം 73 ശതമാനമായും കഴിഞ്ഞ വർഷം 86 ശതമാനമായും ഉയർന്നെന്നാണു കണക്ക്.

ഇപ്പോഴാവട്ടെ ‘കാംറി’ വിൽപ്പനയിൽ 90 ശതമാനവും ഹൈബ്രിഡ് വകഭേദത്തിന്റെ സംഭാവനയാണെന്ന് ടി കെ എം വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ അറിയിച്ചു. കഴിഞ്ഞ ജനുവരി — ഏപ്രിൽ കാലത്ത് 419 ‘കാംറി ഹൈബ്രിഡ്’ വിറ്റപ്പോൾ പെട്രോൾ എൻജിനുള്ള ‘കാംറി’ വിൽപ്പന വെറും 44 യൂണിറ്റിലൊതുങ്ങി. 2015ൽ മൊത്തം 1,024 ‘കാംറി’ വിറ്റതിൽ 879 എണ്ണവും ഹൈബ്രിഡ് വകഭേദമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു; മൊത്തം ‘കാംറി’ വിൽപ്പനയുടെ 86 ശതമാനത്തോളമാണിത്.

ഇന്ത്യയിൽ പ്യുവർ ഹൈബ്രിഡ് മോഡലുകൾ അസംബ്ൾ ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഏക കമ്പനിയാണ് ടൊയോട്ട. 2013 ഓഗസ്റ്റ് മുതൽ ടി കെ എം ബെംഗളൂരുവിലെ ശാലയിൽ ‘കാംറി ഹൈബ്രിഡ്’ നിർമിച്ചു വിൽക്കുന്നുണ്ട്. ഇതിനു പുറമെ ‘പ്രയസ് ഹൈബ്രിഡ്’ കമ്പനി ഇറക്കുമതി ചെയ്തും വിൽക്കുന്നുണ്ട്. സങ്കര ഇന്ധന മോഡലുകൾക്ക് കേന്ദ്ര സർക്കാർ 70,000 രൂപ വരെ ഇളവ് അനുവദിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളുടെ വിൽപ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണു ടൊയോട്ട. ഹൈബ്രിഡ് ‘കാംറി’ക്ക് ഡൽഹി ഷോറൂമിൽ 33 ലക്ഷം രൂപയാണു വില; ‘പ്രയസ് ഹൈബ്രിഡ്’ സ്വന്തമാക്കാനാവട്ടെ 38 ലക്ഷം രൂപ മുടക്കണം. സാഹചര്യം അനുകൂലമാണെങ്കിലും ‘പ്രയസ് ഹൈബ്രിഡ്’ നിർമാണം ഇന്ത്യയിലേക്കു വ്യാപിപ്പിക്കുമോ എന്നു വ്യക്തമാക്കാൻ വിശ്വനാഥൻ വിസമ്മതിച്ചു.
ആഗോളതലത്തിൽ 90 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്; ഇതിലേറെയും ‘കാംറി’യും ‘പ്രയസും’ ആണ്.