ഇ ബി ആറിനെ സ്വന്തമാക്കി ലിക്വിഡ് അസറ്റ് പാർട്ണേഴ്സ്

EBR 1190RX

സാങ്കേതിക മേഖലയിൽ ഹീറോ മോട്ടോ കോർപിന്റെ പങ്കാളിയായിരുന്ന, യു എസിലെ എറിക് ബ്യുവൽ റേസിങ്(ഇ ബി ആർ) ലേലത്തിൽ വിറ്റു. മൂന്നാം വട്ട ലേലത്തിൽ 20.50 ലക്ഷം ഡോളറി (ഏകദേശം 13.90 കോടി രൂപ)ന് ഇ ബി ആറിനെ ഏറ്റെടുക്കാമെന്ന ലിക്വിഡ് അസറ്റ് പാർട്ണേഴ്സിന്റെ വാഗ്ദാനം വോൾവർത്ത് കൺട്രി സർക്യൂട്ട് കോർട്ട് അംഗീകരിച്ചു. അതേസമയം കമ്പനിയെ ലേലത്തിലെടുത്ത ലിക്വിഡ് അസറ്റ് പാർട്ണേഴ്സിനു കീഴിൽ ഇ ബി ആറിന്റെ പ്രവർത്തനങ്ങൾ തുടരാൻ സാധ്യത കുറവാണ്. ഇ ബി ആറിനു പുതിയ ഉടമസ്ഥരെ കണ്ടെത്താനുള്ള ഇടനിലക്കാർ എന്നതു മാത്രമാവും ലിക്വിഡ് അസറ്റ് പാർട്ണേഴ്സിന്റെ ദൗത്യം. കമ്പനിക്കു മോട്ടോർ സൈക്കിളുകൾ നിർമിക്കാൻ പദ്ധതിയില്ലെന്ന് ലിക്വിഡ് അസറ്റ് പാർട്ണേഴ്സ് ഉടമ ബിൽ മെൽവിൻ ജൂണിയർ വ്യക്തമാക്കി. എന്നാൽ ഈ രംഗത്തു വൈഗ്ധ്യമുള്ളവരുമായി സഹകരിക്കാൻ ഇ ബി ആറിന് അവസരമൊരുക്കാനുള്ള ശ്രമങ്ങളാവും കമ്പനി നടത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

EBR 1190SX

ന്യൂ ജഴ്സിയിലെ അറ്റ്ലാന്റിക് മെറ്റൽ ഗ്രൂപ്പിൽ നിന്നുള്ള ബ്രൂസ് ബെൽഫറായിരുന്നു ഇ ബി ആറിനായുള്ള ആദ്യഘട്ട ലേലത്തിൽ വിജയിച്ചത്. എന്നാൽ ലേല വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ ബ്രൂസ് ബെൽഫറുടെ പേര് കോടതിയുടെ പരിഗണനക്കെത്തിയില്ല. ഇ ബി ആറിലെ മുൻ ജീവനക്കാരുടെ വേതന കുടിശിക തീർക്കാനാവും ലേലത്തുക വിനിയോഗിക്കുക. ജപ്പാനിലെ മൈകോ ടെക് കമ്പനിക്കും പോർഷെ എൻജിനീയറിങ് ഗ്രൂപ്പിനുമൊക്കെ ഇ ബി ആർ പണം നൽകാനുണ്ട്; മൈകോ ടെക്കിന് 7.33 ലക്ഷം ഡോളറും(4.96 കോടി രൂപ) പോർഷെയ്ക്ക് 3.90 ലക്ഷം ഡോളറും (2.64 കോടി രൂപ) ആണ് ഇ ബി ആറിന്റെ കടബാധ്യത. കടക്കെണിയിലായതോടെ പ്രവർത്തനം നിർത്തുകയാണെന്ന് 2015 ഏപ്രിലിലാണ് ഇ ബി ആർ പ്രഖ്യാപിച്ചത്. തുടർന്ന് ഇ ബി ആറിൽ 43% ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ഹീറോ മോട്ടോ കോർപ് ജൂലൈയിൽ കമ്പനിയുടെ കൺസൽറ്റിങ് ബിസിനസ് 28 ലക്ഷം ഡോളറി(19 കോടിയോളം രൂപ)ന് ഏറ്റെടുത്തിരുന്നു.

സ്വന്തമായി ഏറ്റെടുത്ത ഗവേഷണ, വികസന മേഖലകളിൽ മുന്നേറാൻ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹീറോയുടെ ഈ നടപടി. ഹീറോ മോട്ടോ കോർപിനായി ഇ ബി ആർ ഏറ്റെടുത്തു നടത്തിയിരുന്ന കൺസൽറ്റിങ് പദ്ധതികൾക്കും ഈ നടപടി ഗുണകരമാവുമെന്നാണു കണക്കുകൂട്ടൽ. എൻജിൻ ശേഷിയേറിയ ബൈക്കുകൾ പുറത്തിറക്കാനായി 2012 മുതൽ തന്നെ ഹീറോ മോട്ടോ കോർപും ഇ ബി ആറുമായി സഹകരിക്കുന്നുണ്ട്. സ്വന്തം ഗവേഷണ, വികസന വിഭാഗങ്ങൾ ശക്തമാക്കുന്നതിനൊപ്പം വ്യത്യസ്ത വിഭാഗത്തിൽപെട്ട ബൈക്കുകൾക്കുള്ള സാങ്കേതികവിദ്യകൾക്കായി വിഭിന്ന സ്രോതസ്സുകളെ ആശ്രയിക്കുകയെന്ന തന്ത്രമാണു ഹീറോ മോട്ടോ കോർപ് സ്വീകരിച്ചിരുന്നത്.