2019 ൽ വാഹനങ്ങൾ യൂറോ അഞ്ച് നിലവാരത്തിലാക്കണം

വാഹന പുകയിൽ നിന്നുള്ള മാരക വിഷധൂളികളെ പ്രതിരോധിക്കാൻ യൂറോ 5 നിലവാരമുള്ള എഞ്ചിനുകൾ 2019 ൽ രാജ്യമാകമാനം നടപ്പിലാക്കാൻ സാധ്യത തെളിയുന്നു. യൂറോ ആറ് നിലവാരം 2021 ലും യാഥാർഥ്യമാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ ചില നഗരങ്ങളിൽ ഏർപ്പെടുത്തിക്കഴിഞ്ഞ ഭാരത് സ്റ്റേജ് നാല് വൈകാതെ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വലിയ ഭാരം വഹിക്കുന്ന ഹെവി ഡ്യൂട്ടി ഡീസൽ ട്രക്കുകളെയും മറ്റ് പൊതു വാഹനങ്ങളെയുമാണ് ഭാരത് സ്റ്റേജ് നാലിലേക്ക് ഉയർ്ത്തേണ്ടത്. അല്ലാത്തപക്ഷം വാഹന പുകയിലടങ്ങിയ മാരകമായ ധൂളികൾ മലിനീകരണത്തിനെതിരായ പോരാട്ടത്തെ വൃഥാവിലാക്കുമെന്ന് ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് പോലെയുള്ള സംഘടനകൾ പറയുന്നു.

2021 ലെ യൂറോ ആറ് നിലവാലത്തിലേക്കുള്ള പുരോഗതിയെയും ഇതു തളർത്താനിടയുണ്ട്. ഡീസൽ വാഹന ലോബി ഇപ്പോൾ തന്നെ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നില്ല. ഭാരത് സ്റ്റേജ് നാലിലുള്ള ഡീസലിന്റെ പ്രത്യേകത ഇതിൽ 50 പിപിഎം സൾഫർ മാത്രമേയുള്ളൂ എന്നതാണ്. 2016 ൽ ഈ ഡീസൽ രാജ്യമെമ്പാടും ലഭ്യമാക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ വേണ്ടത്ര ഇച്ഛാശക്തി കാട്ടിയില്ലെങ്കിൽ വാഹന ലോബി ഈ നീക്കത്തെ തളർത്താനുള്ള സാധ്യതയുണ്ട്. ഇത് ഇന്ത്യയിലെ അന്തരീക്ഷ വായുവിനെ കൂടുതൽ മലീമസമാക്കും. പഴഞ്ചൻ ഡീസൽ എഞ്ചിനുകളിൽ ഇപ്പോഴും ഓടുന്ന ട്രക്കുകളും ബസുകളും നമ്മുടെ ശുദ്ധവായുവിനെയാണ് ഇല്ലാതാക്കുന്നത്. ഇപ്പോൾ ഈ ട്രക്കുകളിലും ബസുകളിലും ഉപയോഗിക്കുന്ന ഭാരത് മൂന്ന് നിലവാരമുള്ള എഞ്ചിനും അതിൽ ഉപയോഗിക്കുന്ന ഡീസലും യൂറോപ്യൻ നിലവാരത്തേക്കാൾ 15 വർഷം പിന്നിലാണ്.

എന്നാൽ ഭാരത് സ്റ്റേജ് മൂന്നിനെ 2017 വരെ മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഇത് രാജ്യത്തെ വായുമലിനീകരണത്തോത് നിയന്ത്രണാധീനമാക്കുമെന്ന് ന്യൂഡൽഹി സിഎസ്ഇ വായുമലിനീകരണ നിരീക്ഷണ വിഭാഗം മേധാവി അനുമിത റോയി ചൗധരി പറയുന്നു. ഭാരത് നാലിലേക്കു മാറിയാൽ അർബുദ പ്രേരകമായ വായുവിലെ മാലിന്യങ്ങളുടെ തോത് 80 ശതമാനം വരെ കുറയ്ക്കാനാവും. ന്യൂഡൽഹിയി നഗരത്തിലേക്കു കയറുന്ന ട്രക്കുകൾക്ക് ഈയിടെ പരിസ്ഥിതി ടോൾ ഏർപ്പെടുത്തിയതും ശ്രദ്ധേയമായ നടപടിയായിരുന്നു. യൂറോ ആറ് നിലവാരലത്തിലേക്കുള്ള പ്രയാണത്തിലെ കടമ്പകളെല്ലാം കടന്നാൽ കാൻസർ കാരണമായ അശുദ്ധവായുവിന്റെ തോത് വൻ തോതിൽ കുറയ്ക്കാനാവും. 2021 ൽ യൂറോ ആറ് നിലവാരത്തിലുള്ള ഇന്ധനവും ആ നിലവാരമുള്ള എഞ്ചിനുകളും എന്ന ലക്ഷ്യം പാളാതിരിക്കട്ടെ– റോയി ചൗധരി പ്രത്യാശിച്ചു.