ഇന്ത്യയിലെ ‘ഇകോസ്പോർട്’ ഉൽപ്പാദനം 2 ലക്ഷം പിന്നിട്ടു

യു എസ് നിർമാതാക്കളായ ഫോഡിന്റെ കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്ടി’ന്റെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം രണ്ടു ലക്ഷം യൂണിറ്റിലെത്തി. നിരത്തിലെത്തി രണ്ടു വർഷം കൊണ്ടാണ് ഇന്ത്യൻ നിർമിത ‘ഇകോസ്പോർട്’ ഈ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. അവതരണ വേളയിൽ വെറും 30 ദിവസം കൊണ്ട് 60,000 ബുക്കിങ് നേടിയും ‘ഇകോ സ്പോർട്’ ചരിത്രം സൃഷ്ടിച്ചിരുന്നു. ചെന്നൈയ്ക്കടുത്ത് മാരൈമലൈനഗറിലെ ശാലയിൽ നിന്നുള്ള ‘ഇകോസ്പോർട്’ ഇന്ത്യയ്ക്കൊപ്പം വിദേശ നിരത്തുകളിലും അരങ്ങുവാഴുന്നുണ്ട്. മൊത്തം ഉൽപ്പാദിപ്പിച്ച രണ്ടു ലക്ഷം വാഹനങ്ങളിൽ 1.12 ലക്ഷം ‘ഇകോസ്പോർട്’ ആണു കമ്പനി ഇന്ത്യയിൽ വിറ്റത്.

ഫെബ്രുവരിയിൽ സിങ്ക് വിത്ത് ഫോഡ് ആപ് ലിങ്ക് അവതരിപ്പിച്ച് ഫോഡ് ‘ഇകോസ്പോർട്ടി’നെ സാങ്കേതികവിഭാഗത്തിൽ കൂടുതൽ ശക്തമാക്കിയിരുന്നു. ലളിതമായ ശബ്ദ സൂചനകളിലൂടെ സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനുള്ള അവസരമാണ് ഇതുവഴി ‘ഇകോസ്പോർട്’ ഉപയോക്താക്കൾക്കു ലഭ്യമായത്. ഇതോടെ ക്രിക്കറ്റിലെ തത്സമയ സ്കോർ അറിയുന്നതു മുതൽ മികച്ച ഭക്ഷണം വിളമ്പുന്ന റസ്റ്റോറന്റ് കണ്ടെത്തുന്നതു വരെ സ്മാർട്ഫോൺ വഴി ആസ്വദിച്ചിരുന്ന സൗകര്യങ്ങൾ ഫോഡ് ആപ് ലിങ്കിലും സാധ്യമായി.

പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതിനാലാണ് ‘ഇകോസ്പോർട്’ അവഗണിക്കാനാവാത്ത ശക്തിയായി വളർന്നതെന്ന് ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര അഭിപ്രായപ്പെട്ടു. ഇന്ത്യൻ വാഹന വിപണിയിൽ കോംപാക്ട് എസ് യു വി വിഭാഗത്തിനു തുടക്കമിട്ടത് ‘ഇകോസ്പോർട്’ ആണ്; എതിരാളികൾ പെരുകുകയും മത്സരം മുറുകുകയും ചെയ്തിട്ടും ഈ വിഭാഗത്തിൽ മേധാവിത്തം നിലനിർത്താനും ‘ഇകോസ്പോർട്ടി’നു കഴിയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോംപാക്ട് എസ് യു വിയെന്ന നിലയിൽ ‘ഇകോസ്പോർട്ടി’നുള്ള മികവിന്റെ വിളംബരമാണു വിൽപ്പനയിൽ രണ്ടു ലക്ഷം യൂണിറ്റെന്ന നാഴികക്കല്ല് പിന്നിട്ടതെന്നും അദ്ദേഹം വിലയിരുത്തി.

ജെ ഡി പവറിന്റെ ഇനീഷ്യൽ ക്വാളിറ്റി സ്റ്റഡി(2014)യിൽ എസ് യു വി വിഭാഗത്തിലെ ഒന്നാം സ്ഥാനമടക്കം വിവിധ വിഭാഗങ്ങളിലായി മുപ്പതോളം ബഹുമതികളും അംഗീകാരങ്ങളും അവാർഡുകളും വാരിക്കൂട്ടിയാണ് ‘ഇകോസ്പോർട്’ കുതിപ്പുതുടരുന്നത്. ദക്ഷിണ ആഫ്രിക്കയ്ക്കും തയ്​വാനും ഓസ്ട്രേലിയയ്ക്കും പുറമെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിർമിച്ച ‘ഇകോസ്പോർട്’ ഫോഡ് കയറ്റുമതി ചെയ്യുന്നുണ്ട്.